ബംഗാളിലെ എംഎല്‍എമാരില്‍ 37 ശതമാനം പേര്‍ ക്രിമിനല്‍ കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലുള്ള എം.എല്‍.എമാരില്‍ 37 ശതമാനം പേര്‍ ക്രിമിനല്‍കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട്.ബംഗാള്‍ ഇലക്ഷന്‍ വാച്ചും(ഡബ്ല്യുബിഡബ്ല്യു) അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസും(എഡിആര്‍) ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ബംഗാളിലെ 282 എംഎല്‍എമാില്‍ 104 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ടെന്ന് പറയുന്നത്.2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനും അതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിനും മുമ്പായി സ്ഥാനാര്‍ഥികള്‍ നല്‍കിയ സത്യവാങ്മൂലത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്.

ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് 90 (32 ശതമാനം) നിയമസഭാംഗങ്ങള്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകളുണ്ട്. ‘ഗുരുതരമായ ക്രിമിനല്‍ കേസുകള്‍’ ജാമ്യമില്ലാ കുറ്റങ്ങളാണ്. ഇതിന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാമെന്ന് ബംഗാള്‍ ഇലക്ഷന്‍ വാച്ചിന്റെ വക്താവ് പറഞ്ഞു.

ക്രിമിനല്‍ പശ്ചാത്തലം, സാമ്പത്തികം, വിദ്യാഭ്യാസം, ലിംഗഭേദം, എംഎല്‍എമാരുടെ സത്യവാങ്മൂലം, എംഎല്‍എമാരെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍, 205 തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംഎല്‍എമാരില്‍ 61 പേര്‍ക്കും കോണ്‍ഗ്രസിലെ 39 എംഎല്‍എമാരില്‍ 15 പേര്‍ക്കുമെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകളുണ്ടെന്ന് കണ്ടെത്തി. 24 സിപിഐ എംഎല്‍എമാരില്‍ 10 പേരും ബിജെപിയുടെ ആറ് എംഎല്‍എമാരില്‍ മൂന്ന് പേരും ഒരു സ്വതന്ത്ര എംഎല്‍എയ്ക്കും എതിരെയും ഗുരുതരമായ ക്രിമിനല്‍ കേസുകളുണ്ട്. ഏഴ് എംഎല്‍എമാര്‍ക്കെതിരെ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളുണ്ട്. 24 പേര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 10 എംഎല്‍എമാര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുണ്ട്.

Top