കൊടിക്കുന്നില്‍ ‘കൊടി’ പിടിച്ചിട്ട് കാര്യമില്ല . . തന്റെ കാര്യം നോക്കാന്‍ നേതാക്കളുണ്ടെന്ന്

തിരുവനന്തപുരം: പാര്‍ട്ടിയില്‍ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് പി.സി വിഷ്ണുനാഥിന്റെ മാസ് മറുപടി.

24 വയസ്സു മുതല്‍ താന്‍ കൊല്ലത്തെ എഴുകോണ്‍ ബ്ലോക്കില്‍ നിന്നുള്ള കെ.പി.സി.സി അംഗമാണ്, കെ.പി.സി.സി പട്ടികയില്‍ ഇനി ഉള്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടിയില്‍ ഉന്നത നേതാക്കള്‍ ഉണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു.

വിഷ്ണുനാഥിനെ എഴുകോണ്‍ ബ്ലോക്കില്‍ നിന്നും തിരഞ്ഞെടുക്കുന്നതിനെതിരെ ശക്തമായി രംഗത്ത് വന്ന കൊടിക്കുന്നില്‍ സുരേഷിന് അതേ നാണയത്തില്‍ തന്നെ മറുപടി പറഞ്ഞ വിഷ്ണുനാഥ് സുരേഷിന് ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്ന സൂചനയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

അതേസമയം, കെപിസിസി പട്ടികയില്‍ നിന്ന് പി.സി.വിഷ്ണുനാഥിനെ ഒഴിവാക്കാനാകില്ലെന്നു പറഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തു വന്നിട്ടുണ്ട്. വിഷ്ണുനാഥ് നിലവില്‍ എഐസിസി സെക്രട്ടറിയാണെന്നും ഉമ്മന്‍ചാണ്ടി ഓര്‍മ്മിപ്പിച്ചു.

എഴുകോണ്‍ ബ്ലോക്കില്‍നിന്നു വിഷ്ണുനാഥിന്റ പേരാണ് ആദ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വിഷ്ണുനാഥിനെ ഒഴിവാക്കി പകരം തന്റെ നോമിനിയായ വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണമെന്നായിരുന്നു കൊടിക്കുന്നിലിന്റെ ആവശ്യം.

പുതുക്കിയ പട്ടികയിലും വിഷ്ണുനാഥിന്റെ പേര് കണ്ടതോടെ കൊടിക്കുന്നില്‍ പരാതിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സമീപിക്കുകയായിരുന്നു.

ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയാണ് എടുക്കുക.

Top