സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റിയെന്ന് പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷ്ണുനാഥിന്റെ പരാമര്‍ശം. ഇനിയെങ്കിലും തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും അധിക്ഷേപിക്കുന്ന സമീപനം സര്‍ക്കാര്‍ നിര്‍ത്തി, ശരിയാംവണ്ണം ശാസ്ത്രീയമായി പ്രതിരോധ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടു പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

” തിരുവനന്തപുരം ജില്ലയിൽ വൻ തോതിൽ രോഗ വ്യാപനം ഉണ്ടാകുന്നു; ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണുകളിലെ പ്രവർത്തനങ്ങൾ പരാജയപ്പെട്ടു എന്ന അവസ്ഥയാണ്. ചില ജില്ലകളിൽ ജില്ലാ ഭരണകൂടത്തിന് ഫലപ്രദമായി ഇടപെടാൻ സാധിച്ചിട്ടുണ്ട് എന്ന് അവർ അറിയിച്ചിട്ടുണ്ടെങ്കിലും അങ്ങനെയല്ല, കേസുകളുടെ എണ്ണം വർധിക്കുകയാണ്.
ആദ്യഘട്ടത്തിൽ പോലീസ് നന്നായി പ്രവർത്തിച്ചു, പിന്നീട് അഴഞ്ഞു. പിന്നീട് ശക്തമാക്കാൻ നിർദ്ദേശം നൽകിയെങ്കിലും പ്രാവർത്തികമായില്ല. ” –

ഇത് പ്രതിപക്ഷത്തുള്ള ഏതെങ്കിലും നേതാവ് സർക്കാറിനെതിരെ നടത്തിയ ആരോപണമല്ല. ആഗസ്റ്റ് 4ന് സർക്കാറിന്റെ കോവിഡ് പ്രതിരോധ അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞ വാക്കുകളാണ്.
(തെളിവായി മിനുറ്റ്സ് പകർപ്പ് ഇതോടൊപ്പം ചേർത്തിട്ടുണ്ട്)

കൃത്യമായി സമ്പർക്കപ്പട്ടിക തയ്യാറാക്കാനും സമ്പർക്ക വ്യാപനം തടയാനും സാധിച്ചിട്ടില്ല. കോവിഡ് പ്രതിരോധം ആറു മാസം പിന്നിടുമ്പോഴും പത്തനംതിട്ട, കൊല്ലം, വയനാട് പരിശോധനാ ലാബ് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വിദഗ്‌ധ സമിതിയുടെ ചെയർമാൻ തന്നെ യോഗത്തിൽ റിപ്പോർട്ട് ചെയ്യുന്നു.

മാത്രമല്ല, മലപ്പുറം ജില്ലയിൽ ആർ ടി പി സി ആർ ഫലം ലഭിക്കാൻ പത്ത് ദിവസത്തോളം വൈകുന്നുവെന്നും ജീവനക്കാർക്ക് രണ്ടു ദിവസമായി ശമ്പളമില്ലെന്നും
ഇതേ യോഗത്തിൽ റവന്യൂ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് ചെയ്യുന്നു.

ഇനിയെങ്കിലും പറ്റിയ പാളിച്ചകൾ തിരിച്ചറിയാനും തിരുത്താനും സർക്കാർ തയ്യാറാവണം. ചിലത് മാത്രം ഒന്ന് ഓർമ്മപ്പെടുത്താം.

ഒന്ന്: പി ആർ ഭ്രമത്തിൽ ടെസ്റ്റുകൾ കുറച്ച് കേരളത്തിൽ കേസുകളുടെ എണ്ണം കുറവാണെന്ന് കാട്ടാൻ നടത്തിയ പരിശ്രമം.

രണ്ട്: സാമൂഹ്യ വ്യാപനത്തിന്റെ സൂചനകൾ നൽകിയ സർവൈലൻസ് പഠനങ്ങളെയെല്ലാം അവഗണിച്ചത്.

മൂന്ന്: നിശബ്ദ വ്യാപനം മനസിലാക്കുന്നതിൽ പരാജയപ്പെടുകയും കോവിഡ് പകരുന്നത് പ്രവാസികളിൽ നിന്ന് മാത്രമാണെന്ന പ്രചാരണം നടത്തുകയും ചെയ്തത്.

നാല്: കോവിഡ് ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയാണെന്ന് തിരിച്ചറിയാതെ യാതൊരു ആസൂത്രണവും ശാസ്ത്രീയമായ അടിത്തറയുമില്ലാതെ ലോക്ഡൗണുകൾ നടപ്പിലാക്കിയത്. ജനങ്ങളെ പൂട്ടിയിട്ടും ഭയപ്പെടുത്തിയും പരിഹരിക്കേണ്ട ഒരു പ്രശ്‌നമല്ല, ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ ജീവിതം സംരക്ഷിച്ച് നടപ്പിലാക്കേണ്ട ഒരു പ്രശ്നമാണെന്ന് തിരിച്ചറിയാൻ ഇപ്പോഴും തയ്യാറാവാത്തത്.

ഇത്തരം കാര്യങ്ങൾ നിരന്തരമായി സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ പ്രതിപക്ഷത്തിനു നേരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകക്ഷി പാർട്ടി നേതാക്കളും നടത്തിയ അധിക്ഷേപങ്ങൾ നമ്മൾ കണ്ടതാണ്.

ഇത്ര മാത്രമേ ഇപ്പോൾ പറയുന്നുള്ളു. ഇനിയെങ്കിലും തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും അധിക്ഷേപിക്കുന്ന സമീപനം സർക്കാർ നിർത്തി, ശരിയാംവണ്ണം ശാസ്ത്രീയമായി പ്രതിരോധ പ്രവർത്തനം മുന്നോട്ടുകൊണ്ടു പോകുമെന്ന് പ്രതീക്ഷിക്കുന്നു…

Top