കേസ് തോറ്റു; ബി.സി.സി.ഐക്ക് നഷ്ടപരിഹാരത്തുക നല്‍കി പി.സി.ബി

കറാച്ചി: ബി.സി.സി.ഐക്ക് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നഷ്ടപരിഹാരത്തുക നല്‍കി. ഐ.സി.സിയുടെ തര്‍ക്ക പരിഹാര സമിതിയില്‍ സമര്‍പ്പിച്ച കേസ് തോറ്റതോടെയാണ് ഏകദേശം 1.6 ദശലക്ഷം യു.എസ് ഡോളര്‍ ( ഏകദേശം 10,96,64,800 ഇന്ത്യന്‍ രൂപ) പി.സി.ബി നഷ്ടപരിഹാരമായി ബി.സി.സി.ഐക്ക് നല്‍കിയത്.

പി.സി.ബി ചെയര്‍മാന്‍ എഹ്‌സാന്‍ മാനി തന്നെയാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്.നേരത്തെ ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകളില്‍ നിന്ന് ഇന്ത്യ പിന്മാറിയത് വലിയ സാമ്പത്തിക ബാധ്യത വരുത്തിയെന്ന് ആരോപിച്ച് നഷ്ടപരിഹാരത്തിനായി പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിയെ സമീപിച്ചിരുന്നു. ബി.സി.സി.ഐയില്‍ നിന്ന് 70 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 500 കോടിയോളം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പി.സി.ബി ഐ.സി.സിയെ സമീപിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ നവംബറില്‍ ഹര്‍ജി തള്ളിയ ഐ.സി.സിയുടെ തര്‍ക്ക പരിഹാര സമിതി, പി.സി.ബി നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ക്കായി തങ്ങള്‍ക്കു ചെലവായ തുക അവരില്‍നിന്നു തന്നെ ഈടാക്കണമെന്ന ബി.സി.സി.ഐയുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. മൈക്കിള്‍ ബിലോഫ് നേതൃത്വം നല്‍കുന്ന തര്‍ക്കപരിഹാര സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.ബി.സി.സി.ഐ ആവശ്യപ്പെട്ട തുകയുടെ അറുപത് ശതമാനം നല്‍കാനായിരുന്നു നിര്‍ദേശം.

കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരകളില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. പരമ്പര നടത്താന്‍ ആദ്യം സമ്മതിച്ച ഇന്ത്യ പിന്നീട് പിന്മാറിയതു കാരണം വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് പി.സി.ബി, ഐ.സി.സിയെ സമീപിച്ചത്.

Top