ഇസ്ലാമാബാദ്: ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കളിക്കില്ലെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍നായകന്‍ ഷാഹിദ് അഫ്രീദി. പാക് സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമെ അഹമ്മദാബാദില്‍ കളിക്കൂവെന്നാണ് പിസിബി ചെയര്‍മാന്‍ നജാം സേഥി വ്യക്തമാക്കിയത്. അഹമ്മദാബാദില്‍ ജയിച്ചാണ് ഇന്ത്യക്ക് മറുപടി നല്‍കേണ്ടതെന്നും അഫ്രീദി പറഞ്ഞു. ഏഷ്യാകപ്പില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിസിഐ നിലപാട് എടുത്തതോടെയാണ് ഇന്ത്യക്കെതിരെ അഹമ്മദാബാദില്‍ കളിക്കില്ലെന്ന് പിസിബിയും വ്യക്തമാക്കിയത്.
പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ തീരുമാനത്തെയാണ് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി വിമര്‍ശിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ സ്വന്തം കാണികളുടെ പിന്തുണയോടെ ജയിക്കാനാണ് പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ അഹമ്മദാബാദില്‍ നടത്തുന്നത്. ഈ വെല്ലുവിളി പാകിസ്ഥാന്‍ ഏറ്റെടുക്കണം. സധൈര്യം കളിച്ച് ഇന്ത്യയെ തോല്‍പിച്ച് മറുപടി നല്‍കണം. വെല്ലുവിളികള്‍ ഏറ്റെടുക്കുമ്പോഴാണ് വിജയത്തിന് മധുരം കൂടുകയെന്നും അഫ്രീദി പറഞ്ഞു.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വമരുളുന്നത്. ലോകകപ്പിനായി എത്തുന്ന ടീമുകള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രത്യേക വിസ അനുവദിക്കുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകകപ്പിനായി പാക് ടീം എത്തിയാല്‍ തന്നെ അഹമ്മദാബാദില്‍ വച്ച് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. അതേസമയം, ഹൈബ്രിഡ് മോഡലിലൂടെ ഏഷ്യാ കപ്പ് വേദികളുടെ കാര്യത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു.
പാകിസ്ഥാനില്‍ കളിക്കില്ലെന്ന് ഇന്ത്യ കുടത്ത നിലപാട് എടുത്തതോടെ ഏഷ്യാകപ്പിലെ കൂടുതല്‍ മത്സരങ്ങളും ശ്രീലങ്കയിലാണ് നടത്തുക. ഇന്ത്യയുടേത് ഉള്‍പ്പടെ ടൂര്‍ണമെന്റിലെ ഒന്‍പത് മത്സരങ്ങള്‍ ശ്രീലങ്കയിലും നാല് മത്സരങ്ങള്‍ പാകിസ്ഥാനിലും നടക്കും. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യകപ്പ്. ടൂര്‍ണമെന്റിനായി ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ല എന്ന് ഉറപ്പിച്ചതോടെയാണ് മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയിലാക്കിയത്.