ഒമാനില്‍ വാക്സിനെടുത്തവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിബന്ധന ഒഴിവാക്കുന്നു!

മസ്‌ക്കറ്റ്: പൂര്‍ണമായി വാക്സിന്‍ എടുത്ത യാത്രക്കാര്‍ക്ക് പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് ഫലം വേണമെന്ന നിബന്ധന ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിച്ചുവരുകയാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തില്‍ ജിസിസി രാജ്യങ്ങള്‍ക്കിടയിലെ യാത്രയ്ക്കാണ് ഇത് നടപ്പിലാക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

ഓരോ രാജ്യത്തും അംഗീകാരമുള്ള വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായും എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി ഡോ. അഹ്‌മദ് ബിന്‍ മുഹമ്മദ് അല്‍ സൈദി അറിയിച്ചു.

അതിനിടെ, പ്രവാസികളെ സുരക്ഷിതമായി രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് നായിഫ് ബിന്‍ അലി ബന്‍ ഹമദ് അല്‍ അബ്രി പറഞ്ഞു. 2020 ഒക്ടോബറില്‍ സുപ്രിം കമ്മിറ്റിയുടെ അനുവാദം ലഭിച്ച ശേഷം ഘട്ടം ഘട്ടമായി ഇത് നടപ്പില്‍ വരുത്താനുള്ള പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ വ്യോമ മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായതെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകളുടെ എണ്ണം 70 ശതമാനം കണ്ട് കുറഞ്ഞു. യാത്രക്കാരുടെ എണ്ണത്തില്‍ 81 ശതമാനത്തിന്റെയും കാര്‍ഗോയില്‍ 28 ശമതാനത്തിന്റെയും കുറവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി സപ്തംബര്‍ ഒന്നു മുതല്‍ യാത്രാനുമതി നല്‍കിയ പശ്ചാത്തലത്തില്‍ വ്യോമയാനമേഖലയില്‍ പുത്തന്‍ ഉണര്‍വ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

അതേസമയം, നിലവില്‍ വാക്സിന്‍ എടുത്തവര്‍ക്ക് ഒരു ബൂസ്റ്റര്‍ ഡോസ് കൂടി നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് അരോഗ്യ മന്ത്രി പറഞ്ഞു.

 

Top