കശ്മീരില്‍ പ്രതിഷേധം; പിഡിപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ശ്രീനഗര്‍: കശ്മീരിലെ പിഡിപി നേതാക്കളെ തടങ്കലിലാക്കിയതിനെതിരെ പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്. കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് ഇവര്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇവര്‍ സാമൂഹിക അകലവും പാലിച്ചിരുന്നില്ല. തുടര്‍ന്നാണ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയെയും ഒമര്‍ അബ്ദുള്ളയെയും പൊലീസ് അറസ്റ്റു ചെയ്തത്. മെഹ്ബൂബ മുഫ്തിയേയും ഒമര്‍ അബ്ദുളളയേയും മറ്റ് പിഡിപി നേതാക്കളെയും വിട്ടയക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ സംഘടിച്ചത്. പ്രതിഷേധ പ്രകടനത്തിനായി ഷര്‍-ഇ-കശ്മീര്‍ പാര്‍ക്കിന് സമീപത്തെ പാര്‍ട്ടി ഓഫീസിന് മുന്‍പിലാണ് പിഡിപി അനുഭാവികള്‍ ഒത്തുകൂടിയത്. നഗരത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ ആയിരുന്നു അവരുടെ തീരുമാനം. ഇതിനെത്തുടര്‍ന്നാണ് പ്രതിഷേധ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

Top