ബെംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക് പുറപ്പെട്ടു. അന്‍വാറശ്ശേരിയിലേക്കാണ് മഅദനി നേരെ പോകുന്നത്. വിചാരണത്തടവ് അനന്തമായി നീളുന്നത് നീതി നിഷേധമെന്ന് മഅദനി മാധ്യമങ്ങളോട് പറഞ്ഞു. എന്നോട് ചെയ്ത നീതികേട് രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തിന് തന്നെ അപമാനമാണ്. തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണ്, അതിനാല്‍ തന്നെ കേസ് അവസാനമില്ലാതെ നീളുകയാണെന്നും ഇത് നീതി നിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്ര കാലം വിചാരണത്തടവുകാരനായി വേറെ ആര്‍ക്കും കഴിയേണ്ടി വന്നിട്ടില്ലെന്നും മഅദനി പറഞ്ഞു.
ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് സുപ്രീംകോടതി അനുമതിയോടെ അബ്ദുള്‍ നാസര്‍ കേരളത്തിലേക്ക് എത്തുന്നത്. 12 ദിവസത്തേക്കാണ് സുപ്രീംകോടതി മഅദനിക്ക് യാത്രാനുമതി നല്‍കിയിരിക്കുന്നത്. നെടുമ്പാശേരിയിലെത്തുന്ന മഅദനിയെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ആംമ്പുലന്‍സില്‍ കൊല്ലം അന്‍വാര്‍ശേരിയിലേക്ക് പോകും. ബംഗലൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത മഅദനി ജാമ്യ വ്യവസ്ഥ അനുസരിച്ച് അവിടെത്തന്നെ തുടരുകയായിരുന്നു.
നേരത്തെ അബ്ദുള്‍ നാസര്‍ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്രയില്‍ ചില അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. യാത്രയ്ക്ക് മുന്നോടിയായി മഅദനി 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കാണിച്ച് കര്‍ണാടക പൊലീസ് കത്ത് നല്‍കിയതോടെയാണ് യാത്ര അനിശ്ചിതത്വത്തിലായത്. അനുഗമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം, താമസം, വിമാന യാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേര്‍ത്താണ് ഇത്ര വലിയ തുക നിശ്ചയിച്ചതെന്നാണ് കര്‍ണാടക പൊലീസ് വ്യക്തമാക്കിയത്. ഇതോടെ ഇത്രയും തുക നല്‍കാന്‍ നിലവില്‍ നിര്‍വാഹമില്ലെന്ന് മഅദനിയുടെ കുടുംബം വ്യക്തമാക്കി. മദനിയുടെ യാത്രാ ചെലവുകളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയേക്കുമെന്നാണ് നിലവിലെ സൂചന.