തിരുവനന്തപുരം: പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അന്തരിച്ചു. അര്‍ബുദ രോഗബാധിതനായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഈ മാസം ആദ്യമാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആയിരുന്നു. രണ്ടു തവണ പിഡിപിയുടെ കീഴിലും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായാണ് സിറാജ് മല്‍സരിച്ചത്. 1995 ല്‍ മാണിക്യംവിളാകം വാര്‍ഡില്‍ നിന്നും 2000 ല്‍ അമ്പലത്തറ വാര്‍ഡില്‍ നിന്നും പിഡിപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005 ല്‍ പിഡിപിയില്‍ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തന്‍പള്ളി വാര്‍ഡില്‍ മല്‍സരിച്ചത്.
അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പിഡിപി വിട്ട സിറാജ് ഐഎന്‍എല്ലില്‍ ചേര്‍ന്നിരുന്നു. എന്നാല്‍, അടുത്തിടെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് കത്തു നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ വൈസ് ചെയര്‍മാനായി പിഡിപി കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നിയമിക്കുകയായിരുന്നു. മഅദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ് സിറാജ്.