ആര്‍ട്ടിക്കിള്‍ 370 വെടിതീര്‍ന്നു;കാരണം കോണ്‍ഗ്രസ് ഭേദഗതി,പിഡിപി തകര്‍ച്ചയിലേക്ക്?

മുതിര്‍ന്ന പിഡിപി നേതാവ് ഷാ മുഹമ്മദ് തന്ത്രയ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ ജിസി മുര്‍മുവിനെ സന്ദര്‍ശിച്ച നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് അനാവശ്യ നടപടിയാണെന്ന് ആരോപിച്ചാണ് ഷായുടെ രാജി.

2014ല്‍ പൂഞ്ച്ഹവേലി സീറ്റില്‍ പിഡിപി ടിക്കറ്റിലാണ് 64കാരനായ നേതാവ് സംസ്ഥാന നിയമസഭയില്‍ എത്തിയത്. കോണ്‍ഗ്രസ് ഭരണകാലത്ത് മൂന്ന് ഡസന്‍ ഭേദഗതികള്‍ വരുത്തിയതോടെ ആര്‍ട്ടിക്കിള്‍ 370 അനാവശ്യ വസ്തുവായി മാറിയെന്ന് ഷാ മുഹമ്മദ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കിയത്. ഇതിന് പുറമെ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. ജനുവരി 9ന്‌ ഷാ ഉള്‍പ്പെടെ എട്ട് മുതിര്‍ന്ന നേതാക്കളെ പിഡിപി പുറത്താക്കിയിരുന്നു.

പാര്‍ട്ടിയുടെ അടിസ്ഥാന വിശ്വാസങ്ങള്‍ക്ക് എതിരായ കേന്ദ്ര നടപടിയെ അനുകൂലിച്ചാണ് ചില നേതാക്കള്‍ ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടെതെന്ന് കുറ്റപ്പെടുത്തിയാണ് ഇവര്‍ക്കെതിരെ പിഡിപി അച്ചടക്ക നടപടി കൈക്കൊണ്ടത്. ഇതോടെ മറ്റ് നാല് മുതിര്‍ന്ന നേതാക്കളും രാജിവെച്ചു.

മുന്‍ പാര്‍ട്ടി നേതാവ് സയെദ് മുഹമ്മദ് അല്‍ത്താഫ് ബുഖാരിയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെ ബുഖാരി പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത് പിഡിപിക്ക് പുറമെ കോണ്‍ഗ്രസിനെയും മറ്റ് പാര്‍ട്ടികളെയും ചൊടിപ്പിച്ചു.

Top