ഹൈദരാബാദ്: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠപുസ്തകങ്ങൾ പഠിപ്പിച്ചെന്ന കേസില്‍ പ്രതിയായ കൊച്ചിയിലെ പീസ് സ്കൂൾ ചെയര്‍മാന്‍ എം.എം. അക്ബര്‍ അറസ്റ്റില്‍. ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ചാണു പിടിയിലായത്.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ സ്കൂളില്‍ പഠിപ്പിച്ചെന്ന കേസില്‍ അക്ബറിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിനായി പൊലീസ് കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്കു തിരിച്ചു.
മതസ്പർദ്ധ വളർത്തുന്ന പുസ്തകങ്ങൾ പഠിപ്പിക്കുന്നുവെന്ന പരാതിയെത്തുടർന്ന് എറണാകുളം പീസ് ഇന്റർനാഷണൽ സ്കൂൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ജില്ലാ കലക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോർട്ടുകൾ പരിഗണിച്ചാണു നടപടി.
എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ പരാതിയെത്തുടർന്ന് 2016 ഒക്ടോബറിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വിദ്യാഭ്യാസ വകുപ്പു നടത്തിയ അന്വേഷണത്തിൽ എൻസിഇആർടി, സിബിഎസ്ഇ, എസ്ഇആർടി എന്നിവ നിർദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്നു കണ്ടെത്തിയിരുന്നു.