കോഴിക്കോട്: മതസ്പര്‍ധ വളര്‍ത്തുന്ന പാഠ്യപദ്ധതി ഒരുക്കിയെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന പീസ് സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ എം.എം. അക്ബറിനെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്തു. പീസ് സ്‌കൂളിന്റെ സാമ്പത്തിക ശ്രോതസുകളെ സംബന്ധിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അന്വേഷിച്ചത്. കോഴിക്കോട് വച്ചായിരുന്നു ചോദ്യം ചെയ്യല്‍.
പീസ് സ്‌കൂളിന് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടോ എന്നും സംഘം അന്വേഷിക്കുന്നുണ്ട്.
മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പഠിപ്പിച്ചുവെന്ന ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ പരാതിയില്‍ കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പീസ് ഫൗണ്ടേഷനു കീഴില്‍ സംസ്ഥാനത്തുള്ള 13 പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളുകളുടെയും മാനേജിങ് ഡയറക്ടറായ എം.എം. അക്ബര്‍ കേസിലെ പ്രതിയാണ്. പരപ്പനങ്ങാടി സ്വദേശിയായ അക്ബര്‍ മതപണ്ഡിതനും നീഷ് ഓഫ് ദ ട്രൂത്ത് എന്ന സംഘടനയുടെ ഡയറക്ടറുമാണ്.