കീവ്: റഷ്യയും യുക്രെയിനും തമ്മിലുളള സമാധാന ചര്‍ച്ച ബെലാറൂസില്‍ തുടങ്ങി. റഷ്യ വെടി നിര്‍ത്തണമെന്നാണ് ചര്‍ച്ചയില്‍ യുക്രെയിന്റെ ആവശ്യം.
അതേസമയം വിവിധ രാജ്യങ്ങള്‍ തങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ രാജ്യം മറികടക്കുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. റഷ്യന്‍ സൈനികര്‍ ബലാറൂസില്‍ തങ്ങുന്നതിനാല്‍ ആദ്യം സമാധാന ചര്‍ച്ചയ്ക്ക് യുക്രെയിന്‍ തയ്യാറായിരുന്നില്ല.
റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സൈന്യത്തെ തങ്ങളുടെ നാട്ടില്‍ നിന്നും ഉടന്‍ പിന്‍വലിക്കണമെന്നുമാണ് ചര്‍ച്ചയില്‍ യുക്രെയിന്റെ ആവശ്യം. പ്രസിഡന്റിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു. യുക്രെയിന്‍ പ്രതിരോധ മന്ത്രി റെസ്‌നിക്കോവ് അടങ്ങുന്ന സംഘമാണ് സമാധാന ചര്‍ച്ചകള്‍ക്കായി എത്തിയത്. യൂറോപ്യന്‍ യൂണിയനില്‍ ഉടനടി യുക്രെയിന് അംഗത്വം നല്‍കണമെന്നും ആവശ്യമുണ്ട്.
അതേസമയം സ്വന്തം ജീവന്‍ രക്ഷിക്കാനും ഉടന്‍ യുക്രെയിന്‍ വിട്ടുപോകാനും റഷ്യന്‍ സൈനികരോട് യുക്രെയിന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യയിലേക്കുളള ബാങ്കിംഗ്, പണമിടപാട് കാര്യങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ സിംഗപ്പൂര്‍ തീരുമാനിച്ചു. അതിനിടെ വിവിധ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് റഷ്യ ഭീഷണി മുഴക്കി. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുളള ഇന്ധന വിതരണമടക്കം തടയുമെന്നാണ് റഷ്യ അറിയിച്ചത്.