ബിക്‌ഷെക് :രണ്ട് ആണവശക്തികൾ തമ്മിലുള്ള തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. റഷ്യൻ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.
കിർഗിസ്താൻ തലസ്ഥാനമായ ബിക്‌ഷെക്കിൽ ദ്വിദിന ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇമ്രാൻ. അന്താരാഷ്ട്ര മധ്യസ്ഥതയിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വിഷയം പരിഹരിക്കാൻ ചർച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പത്തരയോടെയാണ് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി ആരംഭിക്കുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങുമായും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ, അഫ്ഗാനിസ്താൻ പ്രസിഡന്റ് അഷ്റഫ് ഘനി തുടങ്ങിയവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
മോദിയും ഇമ്രാൻ ഖാനുമായി ഉച്ചകോടിയോട് അനുബന്ധിച്ച് ഉഭയകക്ഷി ചർച്ച നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
ആയുധങ്ങൾ വാങ്ങാൻ പണം ചിലവഴിക്കാൻ പാകിസ്താൻ താൽപര്യപ്പെടുന്നില്ല. പകരം ദാരിദ്ര്യത്തെ നേരിടാൻ ആ പണം ഉപയോഗിക്കാനാണ് പാകിസ്താന് താൽപര്യം. അതിനാൽ തന്നെ രണ്ട് ആണവശക്തികളുള്ള ഒരു മേഖലയിൽ സമാധാനമാണ് വേണ്ടത്- ഇമ്രാൻ ഖാൻ വ്യക്തമാക്കി.