‘സമാധാനപരമായ സഹവർത്തിത്വം പരമ പ്രധാനം’-ഫ്രാൻസിസ് മാർപാപ്പ

ബാഗ്ദാദ്: വിദ്വേഷം മാറ്റിവച്ചു സമാധാനത്തിനായി ഒരുമിച്ചു പ്രവർത്തിക്കാൻ ഇറാഖിലെ മുസ്‌ലിം, ക്രിസ്ത്യൻ നേതാക്കളോടു ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം.‘ദൈവത്തെ ആരാധിക്കുകയും അയൽക്കാരനെ സ്നേഹിക്കുകയുമാണ് ഏറ്റവും വലിയ മതപ്രതിപത്തി.’ അദ്ദേഹം പറഞ്ഞു. തീവ്രവാദം, അക്രമം എന്നിവ മതവിശ്വാസിയുടെ ഹൃദയത്തിൽനിന്നുള്ളയല്ല. അവ വിശ്വാസത്തെ വഞ്ചിക്കുന്നതിനു തുല്യമാണ്. പാപ്പ വ്യക്തമാക്കി.

ഇറാഖിലെ നസീറിയ്ക്കു സമീപം ഉറിൽ സർവമത സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു മാർപാപ്പ. പൂർവപിതാവായ അബ്രഹാമിന്റെ ജന്മസ്ഥലമെന്ന വിശേഷിപ്പിക്കപ്പെടുന്ന ഉറിലായിരുന്നു സമ്മേളനം. മറ്റു മതവിശ്വാസമുള്ളവരെ വേറിട്ടുകാണുന്നത് സമാധാനത്തിനു വിരുദ്ധമാണെന്നും അബ്രഹാമിന്റെ മക്കൾ എന്ന നിലയിൽ സമാധാനത്തിനായി ഒരുമിച്ചു പ്രാർഥിക്കാമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.

ഷിയാ ആത്മീയാചാര്യൻ ഗ്രാൻഡ് ആയത്തുല്ല അലി അൽ സിസ്താനിയെ സന്ദർശിച്ച ശേഷമാണു എൺപത്തിനാലുകാരനായ മാർപാപ്പ ഉറിലെത്തിയത്. അൽസിസ്താനി വാടകയ്ക്കു താമസിക്കുന്ന ലളിത സൗകര്യങ്ങളുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ പ്രതീകമായി പ്രാവുകളെ പറത്തി.

ഇറാഖിന്റെ പ്രശ്നകാലത്തു ന്യൂനപക്ഷങ്ങൾക്കു വേണ്ടി നിലകൊണ്ടതിന് അൽ സിസ്താനിയെ മാർപാപ്പ നന്ദി അറിയിച്ചു.

Top