കര്‍ഷക സമരത്തിന്റെ ഭാഗമായി ഇന്നലെ ഡല്‍ഹി നോയിഡ അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലി വലിയ ഗതാഗത തടസങ്ങള്‍ക്കു കാരണമായി. യമുന എക്‌സ്പ്രസ് വേയിലൂടെയായിരുന്നു ട്രാക്ടര്‍ റാലി. അത് മഹാമായ ഫ്‌ലൈ ഓവറില്‍ എത്തിയതോടെ ആളുകള്‍ ട്രാക്ടറില്‍ നിന്ന് പുറത്തിറങ്ങി കുത്തിയിരിപ്പു സമരം നടത്തുകയായിരുന്നു. ഇത് വലിയ ഗതാഗത കുരുക്കിനു കാരണമായി.ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) ആണ് റാലിക്ക് നേതൃത്വം നല്‍കിയത്. യുപിയിലെ രബുപുരയ്ക്കടുത്ത് മെഹന്ദിപ്പൂരില്‍ നിന്ന് ഫലൈദവരെ യമുന എക്‌സ്പ്രസ് വേ വഴിയായിരുന്നു റാലി. പരിപാടിയുടെ സുരക്ഷയ്ക്കുവേണ്ടി റാലി കടന്നുപോകുന്ന സഥലങ്ങളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും, ഡല്‍ഹി നോയിഡ അതിര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും ചെയ്‌തെങ്കിലും ഫലം കണ്ടില്ല. ട്രാക്ടര്‍ റാലി നടക്കുന്നതിനാല്‍ ഡല്‍ഹി യുപി ബോര്‍ഡറില്‍ വലിയ തോതില്‍ ട്രാഫിക് ബ്ലോക്കുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പോലീസ് നേരത്തെ നല്‍കിയിരുന്നു.
കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ചയും നേതൃത്വം നല്‍കുന്ന രണ്ടാം കര്‍ഷക സമരം താങ്ങുവില കൃത്യമായി നല്‍കുക എന്ന കാര്യത്തിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. താങ്ങുവിലയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ധാരണയുണ്ടാക്കി വിവാദമായ കര്‍ഷകബില്‍ പിന്‍വലിച്ചതിനു ശേഷമായിരുന്നു ഒന്നാം കര്‍ഷക സമരം പിന്‍വലിക്കുന്നത്. എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ പോയതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ വീണ്ടും നിരത്തിലിറങ്ങിയത്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുമല്ലാതെ 200ഓളം മറ്റു സംഘടനകളും സമരത്തിന്റെ ഭാഗമാകുന്നുണ്ട്. നാല് വട്ടം കര്‍ഷകര്‍ കേന്ദ്രമന്ത്രിമാരുടെ സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. ഏറ്റവും ഒടുവില്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടത്, താങ്ങുവില ഉറപ്പാക്കുന്നതിന് യമനിര്‍മ്മാണം നടത്തണം എന്നായിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നും അനുഭാവപൂര്‍ണമായ പ്രതികരണമല്ല ഉണ്ടായത്.
ലുധിയാനയില്‍ ഡബ്‌ള്യുടിഒയെ എതിര്‍ക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയിലെ കര്‍ഷകര്‍ അവരുടെ ട്രാക്ടറുകളുള്‍പ്പെടെയുള്ളവണ്ടികള്‍ പ്രതിഷേധ സൂചകമായി ലുധിയാന-ചണ്ഡീഗഡ് ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്നു. ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ സിംഗു അതിര്‍ത്തി ഫെബ്രുവരി 13 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ആ പശ്ചാത്തലത്തില്‍ കൂടിയാണ് യുപിയെയും ഡല്‍ഹിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന യമുന എക്‌സ്പ്രസ് വേയില്‍ ട്രാക്ടര്‍ റാലി നടത്തുന്നത്. ഇതുവരെ കര്‍ഷക സമരത്തില്‍ രണ്ട് കര്‍ഷകരാണ് മരിച്ചത്.ഡബ്‌ള്യുടിഒയില്‍ നിന്ന് ഇന്ത്യ പുറത്തിറങ്ങണം എന്നതാണ് കര്‍ഷകരുടെ ആവശ്യങ്ങളിലൊന്ന്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ പദ്ധതികള്‍ കര്‍ഷകവിരുദ്ധമാണെന്നും ഇന്ത്യ പോലൊരു രാജ്യത്ത് ഇപ്പോഴും കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. ഇന്നലെ കര്‍ഷകര്‍ ക്വിറ്റ് ഡബ്‌ള്യുടിഒ ദിനമായി ആചരിച്ചിരുന്നു.ട്രാക്ടര്‍ മാര്‍ച്ച് ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെതന്നെ ഡല്‍ഹിയുടെ പല ഭാഗങ്ങളിലായി, ട്രാക്ടറുകളും മിനി വാനുകളുമായി ഫെബ്രുവരി 13 മുതല്‍ കര്‍ഷകര്‍ തങ്ങുന്നുണ്ട്. ഇതും ഗതാഗതക്കുരുക്കിന് കാരണമാണ്. ഭാരതീയ കിസാന്‍ യൂണിയന്‍ ഏകത ഉഗ്രഹാന്‍ ബത്തിണ്ടയില്‍ ഇന്നലെ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ രൂപം കത്തിച്ച് പ്രതിഷേധിച്ചിരുന്നു.