കോട്ടയം സംക്രാന്തിയില്‍ ലോറിയില്‍ നിന്നുള്ള കയര്‍ കുരുങ്ങി കാല്‍നടയാത്രികന്‍ മരിച്ചു

കോട്ടയം: ലോറിയില്‍ നിന്നുള്ള കയര്‍ കുരുങ്ങി കാല്‍നടയാത്രികന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ കോട്ടയം സംക്രാന്തിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. സംക്രാന്തി സ്വദേശി മുരളി ആണ് മരിച്ചത്. ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകിലുണ്ടായിരുന്ന കയര്‍ രാവിലെ ചായ കുടിക്കാനിറങ്ങിയ മുരളി എന്നയാളുടെ കാലില്‍ കുടുങ്ങുകയായിരുന്നു. മുരളിയേയും വലിച്ച് നൂറോളം മീറ്റര്‍ ലോറി മുന്നോട്ട് പോയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ലോറി വലിച്ചുകൊണ്ടുപോയ മുരളിയുടെ ശരീരം പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ മുരളിയുടെ കാല്‍ അറ്റുപോയി.

സംഭവത്തില്‍ ലോറിയും ജീവനക്കാരായ രണ്ടുപേരെയും നിലവില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് നടപടികള്‍ ആരംഭിച്ചു. പച്ചക്കറി ലോറിയിലെ കയര്‍ കുരുങ്ങി അപകടമുണ്ടായത് ഡ്രൈവര്‍ അറിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. അടുത്ത കടയില്‍ വാഹനം നിര്‍ത്തിയ ശേഷം കയര്‍ കാണാതെ വന്നതോടെയാണ് ഡ്രൈവര്‍ ബൈക്കില്‍ കയര്‍ അന്വേഷിച്ച് ഇറങ്ങിയത്. തുടര്‍ന്ന് സംക്രാന്തിയില്‍ എത്തിയ ഡ്രൈവറോട് നാട്ടുകാര്‍ പറയുമ്പോഴാണ് അപകട കാര്യം അറിയുന്നത്. പിന്നീട് ഡ്രൈവറെ നാട്ടുകാര്‍ തന്നെ പൊലീസില്‍ ഏല്‍പ്പിക്കുയായിരുന്നു.

അതേസമയം, ഇതേ ലോറിയിലെ കയര്‍ കുരുങ്ങി ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കും പരിക്കേറ്റു. പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലും ലോറിയിലെ കയര്‍ കുരുങ്ങിയിരുന്നു. തുടര്‍ന്ന് പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരും ചികില്‍സയില്‍ തുടരുകയാണ്.

Top