നെടുങ്കണ്ടം: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ പ്രതി സിപിഒ നിയാസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ക്രൈംബ്രാഞ്ച് നെടുങ്കണ്ടം ക്യാമ്പ് ഓഫീസില്‍ വെച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
സമാനമായ രീതിയില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച ഒന്നാം പ്രതി മുന്‍ എസ്‌ഐ സാബുവിനെയും നാലാം പ്രതി സിപിഒ സജീവ് ആന്റണിയെയും കുറ്റസമ്മതം നടത്തിയതോടെ അറസ്റ്റ് ചെയ്തിരുന്നു. സാബുവിനെയും സജീവ് ആന്റണിയെയും കസ്റ്റഡിയില്‍ കിട്ടുന്നതിനായി ക്രൈംബ്രാഞ്ച് പീരുമേട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. രാജ്കുമാറിന് വിദഗ്ധ ചികിത്സ നല്‍കിയിരുന്നില്ലെന്നത് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്കുമാറിനെ ആദ്യം ചികിത്സിച്ച പീരുമേട് താലൂക്ക് ആശുപത്രിയിലെ രേഖകളാണ് പുറത്തുവന്നത്.
നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് ജൂണ്‍ 18-ന് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലുകള്‍ ചലിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. രാജ്കുമാറിന് തുടയിലും കാലിലും വേദനയും കടുത്ത നീരുമുണ്ടെന്ന് ആശുപത്രി രേഖകളില്‍ വ്യക്തമാണ്. അതേ ദിവസം തന്നെ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗവും കുമാറിനെ പരിശോധിച്ചിരുന്നു.
എന്നാല്‍ പ്രാഥമിക ചികിത്സകള്‍ മാത്രം നല്‍കി രാജ്കുമാറിനെ ജയിലേയ്ക്കു തന്നെ തിരികെ കൊണ്ടു പോകുകയായിരുന്നു. തൊട്ടടുത്ത ദിവസ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സ നല്‍കാതെ തിരികെ കൊണ്ടുപോവുകയായിരുന്നു.