നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതിയെ ജയിലില്‍ എത്തിച്ചപ്പോള്‍ അവശനായിരുന്നുവെന്ന് ജയില്‍ സൂപ്രണ്ട്

ഇടുക്കി : ഇടുക്കി പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ജയില്‍ സൂപ്രണ്ട്. പ്രതിയെ ജയിലില്‍ എത്തിച്ചപ്പോള്‍ തന്നെ അവശനായിരുന്നെന്നും മോശം ആരോഗ്യാവസ്ഥയിലുണ്ടായിരുന്ന പ്രതിയെ പൊലീസുകാര്‍ എടുത്താണ് ജയിലിനകത്ത് എത്തിച്ചതെന്നും
പ്രതി മറിഞ്ഞു വീണതാവാന്‍ സാധ്യത ഇല്ലെന്നും പിറ്റേന്ന് നില കൂടുതല്‍ വഷളായപ്പോള്‍ പീരുമേട് ആശുപത്രിയില്‍ കൊണ്ടുപോയെന്നും സൂപ്രണ്ട് പറഞ്ഞു.

രാജ്കുമാറിന്റെ കാലിന് മുറിവേറ്റിരുന്നു. ഇയാള്‍ നേരെ നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലുമായിരുന്നു. ഇതെന്ത് പറ്റിയെന്ന് പൊലീസുകാര്‍ ചോദിച്ചപ്പോള്‍ ഓടി മതിലില്‍ കയറി, അവിടെ നിന്ന് വീണതാണെന്ന് പ്രതി പറഞ്ഞുവെന്നും ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി.

പൊലീസ് പറഞ്ഞത് 16-ാം തിയ്യതി രാവിലെ 8.30 നാണ് പ്രതിയെ ജയിലിലെത്തിച്ചതെന്നായിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി 17-ാം തിയ്യതി പുലര്‍ച്ചെ ഒന്നരക്കാണ് രാജ് കുമാറിനെ ജയിലിലെത്തിച്ചതെന്നാണ് ജയില്‍ സൂപ്രണ്ട് പറയുന്നത്.

അതേസമയം, സംഭവത്തില്‍ തെളിവു നശിപ്പിക്കല്‍ അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. നിലവിലുള്ള ക്രൈം ബ്രാഞ്ച് സംഘമായിരിക്കും കേസ് അന്വേഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ഇന്നലെ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തില്‍ ഒരു പൊലീസ് സൂപ്രണ്ട് ഉണ്ടായിരിക്കും. പൊലീസിലെ മറ്റ് വിഭാഗങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താനും ക്രൈംബ്രാഞ്ച് എഡിജിപിയ്ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി.

Top