ഇടുക്കി: നെടുംങ്കണ്ടം പൊലീസ് മര്‍ദനത്തില്‍ കൊല്ലപെട്ട രാജ്കുമാറിന്റെ റീ പോസ്റ്റുമോര്‍ട്ടം ഇന്ന്. മൂന്ന് പേരടങ്ങുന്ന ഫോറന്‍സിക്ക് സംഘമാകും പത്തരയോടെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോര്‍ട്ടം നടത്തുക. ജ്യുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണ കുറുപ്പാണ് റി പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതി തേടിയത്.
ജ്യുഡീഷ്യല്‍ കമ്മീഷന്റെ സാന്നിധ്യത്തിലായിരിക്കും റീ പോസ്റ്റുമോര്‍ട്ടം നടക്കുക. കമ്മീഷന് പുറമേ, രാജ്കുമാറിന്റെ കുടുംബാംഗങ്ങള്‍, ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം, ഇടുക്കി ആര്‍ഡിഒ എന്നിവരുടെ സാന്നിധ്യവുമുണ്ടാകും. മുതിര്‍ന്ന പൊലീസ് സര്‍ജന്മാരായ പിബി ഗുജ്‌റാള്‍, കെ പ്രസന്നന്‍ എന്നിവരെ കൂടാതെ ഡോ എ കെ ഉന്മേഷും ചേര്‍ന്നാണ് രണ്ടാംവട്ട പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.
സംസ്‌കരിച്ച് മുപ്പത്തിയേഴാം ദിവസമാണ് മൃതദ്ദേഹം പുറത്തെടുക്കുന്നത്. കോട്ടയം മെഡിക്കല്‍ നടത്തിയ ആദ്യ പോസ്റ്റുമോര്‍ട്ടം സമ്പൂര്‍ണ്ണ പരാജയമായിരുന്നു. പരുക്കുകളുടെ പഴക്കം കണ്ടെത്താതിരുന്നത് മുതല്‍ ആന്തരാവയവങ്ങള്‍ പരിശോധനക്ക് എടുക്കാതിരുന്നത് വരെയുള്ള ഗുരുതര വീഴ്ചകള്‍ പുറത്തു കൊണ്ടുവന്നതിന് പിന്നാലെയാണ് അന്വേഷണം ഏറ്റെടുത്ത ജുഡീഷ്യല്‍ കമ്മിഷന്‍ രണ്ടാം പോസ്റ്റുമോര്‍ട്ടത്തിന് തീരുമാനിച്ചത്. വാരിയെല്ലുകളില്‍ ഏറ്റ പരുക്കാണ് പ്രധാനമായും പരിശോധിക്കുക. വാരിയെല്ലുകള്‍ പൊട്ടിയിരുന്നതായും മരണസമയത്ത് നെഞ്ചിലമര്‍ത്തി സിപിആര്‍ കൊടുത്തപ്പോള്‍ സംഭവിച്ചതാണെന്നും ആദ്യ പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാലിത് പൊലീസ് മര്‍ദ്ദനത്തില്‍ പറ്റിയതാണോ എന്നറിയാനാണ് കമ്മിഷന്റെ ശ്രമം.
അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.