നെടുങ്കണ്ടം കസ്റ്റഡി മരണം; മരണകാരണം ആന്തരിക മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ മരണകാരണം ക്രൂരമര്‍ദനത്തെ തുടര്‍ന്നുള്ള ആന്തരിക മുറിവുകളാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. രാജ്കുമാറിന്റെ മരണകാരണം ന്യുമോണിയ എങ്കിലും അതിലേക്ക് നയിച്ചത് ക്രൂര മര്‍ദ്ദനത്തിലുണ്ടായ ആന്തരിക മുറിവുകളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കൃത്യസമയത്ത് ചികിത്സ നല്‍കാത്തത് മൂലം മുറിവുകള്‍ പഴുത്ത് ന്യുമോണിയ ബാധിച്ചാണ് രാജ്കുമാര്‍ മരിച്ചത്. മര്‍ദ്ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടിയിയുണ്ട്. ഇരുകാലുകള്‍ക്കും സാരമായി പരിക്കുണ്ടെന്നും തൊലി അടര്‍ന്ന നിലയായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

പൊലിസിന്റെ വാദങ്ങളെ എല്ലാം തള്ളുന്ന തരത്തിലാണ് റിപ്പോര്‍ട്ട്. രാജ്കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലിസ് വാദം പൊളിഞ്ഞതിനു പിന്നാലെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും എതിരാകുന്നത്. അതിനിടെ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് പതിനഞ്ചാം തിയ്യതിയെന്ന പൊലീസ് വാദം തള്ളി ദൃക്‌സാക്ഷി മൊഴിയും പുറത്ത് വന്നു.

പൊലീസിന് കൈമാറുമ്പോള്‍ രാജ്കുമാറിന് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷിയായ ആലിസ് പറയുന്നു. ഇതിനിടെ പതിനാറാം തിയ്യതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രാജ്കുമാറിന്റെ അവസ്ഥ തീരെ മോശമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ജയിലിലേക്ക് മാറ്റാന്‍ പറ്റിയ അവസ്ഥയല്ലെന്ന് പറഞ്ഞെങ്കിലും അത് കേള്‍ക്കാതെ പ്രതിയെ പൊലീസ് കൊണ്ടുപോയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജയിലില്‍ എത്തിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു പ്രതിയുടേതെന്ന് പീരുമേട് സബ് ജയില്‍ സൂപ്രണ്ട് ജി അനില്‍ കുമാറും വെളിപ്പെടുത്തി.

Top