ലയനവുമായി ബന്ധപ്പെട്ട് ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍

peethambaran

കൊച്ചി: പാര്‍ട്ടി ലയനവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്റര്‍.

എന്‍സിപി യോഗത്തിന്റെ അജണ്ടയില്‍ കേരള കോണ്‍ഗ്രസ്സ് (ബി)യുമായുള്ള ലയനം ഇല്ലെന്നും, എന്‍സിപിയിലേക്ക് വരണമോ എന്ന് കേരള കോണ്‍ഗ്രസ്സ് (ബി)യാണ് തീരുമാനിക്കേണ്ടതെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

നേരത്തെ, മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ള എന്‍.സി.പിയിലേയ്ക്ക് ചേക്കേറുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

ജനുവരി നാലിന് ചേരുന്ന കേരള കോണ്‍ഗ്രസ് (ബി)യുടെ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആറിന് മുംബൈയില്‍ ശരദ് പവാറുമായി ബാലകൃഷ്ണപിള്ള കൂടിക്കാഴ്ച നടത്തും. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനും ബാലകൃഷ്ണപിള്ളയ്‌ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കും.

എന്‍സിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പിള്ളയുടെ പുതിയ നീക്കം. ഗണേഷ് കുമാറാണ് കേരള കോണ്‍ഗ്രസ്സ് (ബി)യുടെ ഏക എം.എല്‍എ.

ലയനം പൂര്‍ത്തീകരിക്കുന്നതോടെ ഗണേഷ് കുമാര്‍ എന്‍.സി.പി മന്ത്രിയാകും. എന്‍.സി.പി എം.എല്‍എമാരായ തോമസ് ചാണ്ടിയ്ക്കും, ശശീന്ദ്രനും നിലവിലെ സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്തേയ്ക്ക് വരാന്‍ അടുത്തകാലത്തെങ്ങും ഉറപ്പില്ലെന്ന സാഹചര്യത്തിലാണ് എന്‍.സി.പി നേതൃത്വം ലയനത്തിന് മുന്‍കൈയെടുക്കുന്നത്. ഈ നീക്കത്തിന് ഇടതുമുന്നണി നേതൃത്വവും പച്ചക്കൊടികാണിച്ചിട്ടുണ്ട്.

ലയനത്തിന് പ്രായോഗികമായി താമസമുണ്ടാകുമെന്നതിനാല്‍ ആദ്യഘട്ടത്തില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ധാരണയെന്നും സൂചനയുണ്ട്.

Top