ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ ഇന്നും പാര്‍ലമെന്റ് തടസപ്പെട്ടു. പെഗാസസില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നടുത്തളത്തിലേക്ക് നീങ്ങി. പതിനാല് പാര്‍ട്ടികള്‍ സംയുക്തമായി മുദ്രാവാക്യം മുഴക്കി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതിപക്ഷ നേതാക്കളുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കിയിരുന്നു. അമിത് ഷാ വിശദീകരണം നല്‍കണം എന്ന ആവശ്യം സ്വീകാര്യമല്ലെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചു.
കൊവിഡ് സാഹചര്യം ആദ്യം ചര്‍ച്ച ചെയ്യാം എന്ന നിര്‍ദ്ദേശം പ്രതിപക്ഷം തള്ളി. പുറത്ത് മോക്ക് പാര്‍ലമെന്റ് നടത്തി ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ബഹളത്തിനിടയിലും ലോക്‌സഭയിലും രാജ്യസഭയിലും ചോദ്യോത്തരവേള അരമണിക്കൂറിലധികം കൊണ്ടു പോയി. മോക്ക് പാര്‍ലമെന്റ് നടത്തി വിഷയം ചര്‍ച്ച ചെയ്യുന്ന കാര്യം ആലോചിക്കാന്‍ നാളെ പ്രതിപക്ഷ യോഗം ചേരും.