പെഗാസസ്; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത: പെഗാസസ് വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിബംഗാള്‍ സര്‍ക്കാര്‍. അനധികൃത ഹാക്കിംഗ്, ഫോണ്‍ ചോര്‍ത്തല്‍, നിരീക്ഷണം എന്നിവയായിരിക്കും അന്വേഷിക്കുക. മുന്‍ സുപ്രീംകോടതി ജഡ്ജി മദന്‍ ബി ലോക്കൂര്‍, കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജ്യോതിര്‍മയ് ഭട്ടാചാര്യ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. രാജ്യത്ത് ഇതാദ്യമായാണ് പെഗാസസില്‍ ഒരു സംസ്ഥാനം അന്വേഷണം പ്രഖ്യാപിക്കുന്നത്. പെഗാസസില്‍ കേന്ദ്രം അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

അതേസമയം പെഗാസസ് വിവാദത്തില്‍ ദി വയര്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. മുതിര്‍ന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെയും പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവരുടെയും ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥനായ രാജേശ്വര്‍ സിംഗ്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും അരവിന്ദ് കെജ്‌രിവാളിന്റെ പിഎയുമായ വി കെ ജെയ്ന്‍, നിതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥന്‍, പിഎംഒയിലെ ഉദ്യോഗസ്ഥന്‍ എന്നിവരുടെ ഫോണുകള്‍ നിരീക്ഷണത്തില്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Top