പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ഇന്നും പാര്‍ലമെന്റ് പ്രക്ഷുബ്ധമാകാന്‍ സാധ്യത

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ചോര്‍ത്തലില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് സ്തംഭിക്കും. മറ്റ് സഭാനടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടാകും പ്രതിപക്ഷം പ്രതിഷേധിക്കുക.

ഇരുസഭകളിലും സര്‍ക്കാരിനെതിരെ ശക്തമായി നീങ്ങാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. രാഹുല്‍ ഗാന്ധിയുടെ ഫോണുകള്‍ ചോര്‍ത്തി എന്ന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.

ഫോണ്‍ ചോര്‍ത്തല്‍ വിവാദം പാര്‍ലമെന്റ് സമ്മേളനം തടസപ്പെടുത്താനുള്ള ഗൂഢാലോചന ആണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.  ഫോണ്‍ ചോര്‍ത്തല്‍ വിവാദം വിദേശികളായ വിനാശകാരികള്‍ ഇന്ത്യയിലെ തടസാവാദികള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി.

ലോക്‌സഭയില്‍ ഇന്നലെ ആരോപണം നിഷേധിച്ച് കേന്ദ്ര ഐ.ടി മന്ത്രി പ്രസ്തവന നടത്തിയിരുന്നു. ആരോപണത്തില്‍ രാജ്യസഭയിലും ഐ.ടി മന്ത്രി പ്രസ്താവന നടത്തും. രണ്ട് സഭകളും ആദ്യ ദിനത്തില്‍ പൂര്‍ണമായ് തടസ്സപ്പെട്ട സാഹചര്യത്തില്‍ ഇന്നലത്തെ അതേ നിയമനിര്‍മ്മാണ അജണ്ടയാണ് ഇന്ന് രണ്ട് സഭകളും പിന്തുടരുക.

വൈകീട്ട് പ്രധാനമന്ത്രി കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നടപടികളെ കുറിച്ച് വിശദീകരിക്കാന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ നിന്ന് പ്രതിപക്ഷ കക്ഷികള്‍ വിട്ടുനില്‍ക്കാനും സാധ്യതയുണ്ട്.

Top