പെഗാസസ് വിഷയത്തില്‍ ഏറ്റവും പുതിയ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് ഇസ്രായേലിലെ മാധ്യമം കാല്‍ക്കലിസ്റ്റ്. മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ അടക്കമുള്ള പലരുടെയും വിവരങ്ങള്‍ ഇതിനോടകം തന്നെ പെഗാസസ് വഴി ചോര്‍ത്തപ്പെട്ടിട്ടുണ്ട് എന്നാണ് കഴിഞ്ഞ ദിവസം ഈ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.
കാല്‍ക്കലിസ്റ്റ് പത്രത്തെ ഉദ്ധരിച്ചുകൊണ്ട് ഹാരെറ്റ്‌സ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പ്രകാരം പെഗാസസിന്റെ ഹാക്കിങ് ടൂള്‍ ഇങ്ങനെ ഉപയോഗിക്കുന്നതിനു മുമ്പ് കോടതിയില്‍ നിന്ന് നിയമപരമായ യാതൊരു വിധ അനുമതിയും ഗവണ്മെന്റ് തേടിയിട്ടില്ല. നെതന്യാഹുവിന്റെ മകന്‍ അവനര്‍, അംഗപരിമിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന എന്‍ജിഒയുടെ മേധാവികള്‍, ന്യൂസ് വെബ്‌സൈറ്റിന്റെ നടത്തിപ്പുകാര്‍, ബിസിനസുകാരന്‍ റാമി ലേവി, ധനവകുപ്പില്‍ മുതിര്‍ന്ന ബ്യൂറോക്രാറ്റുകള്‍ എന്നിവര്‍ ഈ ലിസ്റ്റില്‍ പെട്ടിട്ടുണ്ട്. നെതന്യാഹുവിന്റെ മീഡിയ ഉപദേഷ്ടാക്കളായ ടോപാസ് ലുക്ക്, യോനാഥന്‍ യൂറിച്ച്, തൊഴിലാളി യൂണിയന്‍ നേതാവ് യായിര്‍ കാറ്റ്‌സ് എന്നിവരും ഇങ്ങനെ നിരീക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്.
പലരുടെയും ഫോണുകള്‍ പെഗാസസ് സോഫ്റ്റ്‌വെയര്‍ വഴി ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ശേഷം, ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി ഒരു ആഭ്യന്തര മന്ത്രി ഐലെറ്റ് ഷാക്ക്ഡ് ഉത്തരവിട്ടിട്ടുണ്ട്. ആക്ഷേപങ്ങളില്‍ സത്യമുണ്ടെങ്കില്‍ ഇത് വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന ഒരു വാര്‍ത്തയാണ് എന്നും മന്ത്രി പ്രതികരിച്ചു.
പെഗാസസ് സോഫ്റ്റ്‌വെയര്‍ ഇസ്രായേലി പൊലീസ് ദുരുപയോഗം ചെയ്യുന്നുണ്ട് എന്നുള്ള കുറ്റസമ്മതവും കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ വിരമിച്ച പൊലീസ് ചീഫ് റോണി ആഷ്‌ലീച്ചിന്റെ കാലത്താണ് ഈ ദുരുപയോഗങ്ങള്‍ നടന്നിട്ടുള്ളത് എന്നാണ് പൊലീസ് അധികാരികളുടെ പ്രതികരണം.
ഇസ്രായേലില്‍ നിലവില്‍ വിചാരണയിലുള്ള പല സുപ്രധാന കേസുകളുടെയും ഭാവിയെ ബാധിക്കുന്ന ഒന്നാണ് നിയമത്തിന്റെ പരിധിക്ക് പുറത്തുകടന്നുള്ള ഈ പെഗാസസ് അതിക്രമം എന്നും സൈബര്‍ നിയമ വിദഗ്ധര്‍ അവകാശപ്പെടുന്നു.