പെഗാസസ്; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: പെഗാസസ് ചാരവൃത്തിയില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തിന്റെ നിജസ്ഥിതി പുറത്തുവരേണ്ടതുണ്ടെന്നും ആരോപണം ഗുരുതരമാണെന്നും നിരീക്ഷിച്ചിരുന്നു.

ഹര്‍ജി പരിഗണിക്കവെ കേന്ദ്ര സര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറലോ സോളിസിറ്റര്‍ ജനറലോ ഹാജരായേക്കും. പെഗാസസ് ചാരവൃത്തിയില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഒമ്പത് ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍.റാം, ശശികുമാര്‍, ചാരവൃത്തിക്ക് ഇരയായ മാധ്യമപ്രവര്‍ത്തകര്‍, എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സി.പി.എം രാജ്യസഭ എം.പി ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് ഹരജി നല്‍കിയിരിക്കുന്നത്.

ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് ആരോപണം ഗുരുതരമാണെന്നും സത്യം പുറത്തുവരേണ്ടതുണ്ടെന്നും നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ തവണ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആരും ഹാജരായിരുന്നില്ല. ഹര്‍ജിയുടെ പകര്‍പ്പ് കേന്ദ്രത്തിന് ലഭ്യമാക്കണമെന്ന് ഹര്‍ജിക്കാരോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Top