ന്യൂഡല്‍ഹി: പെഗാസസ് വിവാദത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ സമിതിയുടെ അന്വേഷണം ഇപ്പോള്‍ തുടങ്ങരുതെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച സമഗ്ര ഉത്തരവ് ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് എന്‍വി രമണ സൂചന നല്‍കി. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റ് ഹര്‍ജികള്‍ക്കൊപ്പം ബംഗാള്‍ കേസും പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.
തൃണമൂല്‍ നേതാവും മമത ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ പെഗാസസ് നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കാനാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ സമിതി രൂപീകരിച്ചത്. റിട്ട ജസ്റ്റിസ് മദന്‍ ബി ലോക്കൂറിന്റെ നേതൃത്വത്തിലുള്ള ഈ സമിതിയുടെ അന്വേഷണം തത്കാലം തുടങ്ങേണ്ടെന്നാണ് ബംഗാള്‍ സര്‍ക്കാരിനോട് സുപ്രീംകോടതിയുടെ വാക്കാല്‍ നിര്‍ദ്ദേശം.
അതിന് മുമ്പ് ബംഗാള്‍ സര്‍ക്കാരിന്റെ ജുഡീഷ്യല്‍ സമിതി അന്വേഷണം തുടങ്ങിയാല്‍ അതിനെതിരെ ഉത്തരവിറക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പെഗാസസില്‍ സമാന്തര അന്വേഷണമല്ലെന്ന് വിശദീകരിച്ച ബംഗാള്‍ സര്‍ക്കാര്‍, ഇപ്പോള്‍ അന്വേഷണം തുടങ്ങില്ലെന്ന് കോടതിക്ക് ഉറപ്പു നല്‍കി. പെഗാസസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും അടുത്ത ആഴ്ച ഒന്നിച്ചു പരിഗണിക്കുമെന്നും കോടതി അറിയിച്ചു.