ന്യൂഡല്‍ഹി: പശുക്കടത്ത് നടത്തിയെന്ന പേരില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ പെഹ്ലു ഖാനെതിരെ രാജസ്ഥാന്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം പാര്‍ട്ടി നേതാവ് അസദുദീന്‍ ഒവൈസി.
കോണ്‍ഗ്രസിന്റെ ഇരട്ട മുഖമാണ് ഇതിലൂടെ പുറത്ത് വരുന്നത്. പെഹ്ലു ഖാന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അതിനെ വിമര്‍ശിച്ചവരാണ് കോണ്‍ഗ്രസുകാര്‍. അങ്ങനെയുള്ളവര്‍ തന്നെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുന്നുവെന്നും ഇത് തീര്‍ത്തും അപലപനീയമാണെന്നും ഒവൈസി പ്രതികരിച്ചു.
ജനങ്ങള്‍, പ്രത്യേകിച്ച് മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ കോണ്‍ഗ്രസിനെ ഒരിക്കലും വിശ്വസിക്കരുതെന്നും അവര്‍ വഞ്ചിക്കാന്‍ മടി കാട്ടാത്തവരാണെന്നും ഒവൈസി കുറ്റപ്പെടുത്തി. എപ്പോഴൊക്കെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴെല്ലാം ബിജെപിയുടെ മറ്റൊരു മുഖമായാണ് അവര്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.