ജയ്പുര്‍: ആള്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് പെഹ്ലുഖാനെന്നയാളെ ഗോരക്ഷകര്‍ അടിച്ചുകൊന്ന കേസ് പുനരന്വേഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കേസിലെ ആറു പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയ സാഹചര്യത്തിലാണ് നടപടി.
കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് അറിയിച്ചു.
കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വെറുതെ വിട്ടത്. വിപിന്‍ യാദവ്, രവീന്ദ്ര കുമാര്‍, കലുറാം, ദയാനന്ദ്, യോഗേഷ് കുമാര്‍, ഭീം രതി എന്നിവരെയാണ് വിട്ടയച്ചത്. പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ കൂടി കേസില്‍ പ്രതികളാണ്. ഇവര്‍ക്കെതിരേയുള്ള കേസ് കുട്ടികളുടെ കോടതിയില്‍ വിചാരണ പൂര്‍ത്തിയായിട്ടില്ല.
ഡല്‍ഹി- ആള്‍വാര്‍ പാതയില്‍ 2017 ഏപ്രില്‍ ഒന്നിനാണ് പെഹ്ലുഖാന്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത്. ഹരിയാന സ്വദേശിയായ പെഹ്ലുഖാന്‍ റംസാന്‍ കാലത്ത് പാല്‍ വില്‍പന കൂട്ടാനായി പശുവിനെ വാങ്ങാന്‍ പോയതായിരുന്നു. പശുവിനെ വാങ്ങിയ രസീതുകള്‍ ഉള്‍പ്പെടെ കാണിച്ചെങ്കിലും ആള്‍ക്കൂട്ടം ഇരുമ്പു ദണ്ഡും വടികളും ഉപയോഗിച്ച് പെഹ്ലുഖാനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രചരിച്ച വീഡിയോ ദൃശ്യങ്ങള്‍ തെളിവായി അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മിയോ മുസ്ലിം സമുദായത്തില്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ട പെഹ്ലുഖാന്‍.
ആഗസ്റ്റ് ഏഴിനാണ് കേസില്‍ വിചാരണ അവസാനിച്ചത്. പെഹ്ലുഖാനൊപ്പം സംഭവ സമയത്ത് ഉണ്ടായിരുന്ന രണ്ട് മക്കള്‍ ഉള്‍പ്പെടെ 40 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ഒന്‍പതു പ്രതിളാണുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഒരാള്‍ പിന്നീട് മരിച്ചു.