ധോണിയുടെ ശരീരത്തിൽ പെല്ലറ്റുകൾ തറച്ച പാടുകൾ കണ്ടെത്തി; ഗുരുതര തെറ്റെന്ന് വനംമന്ത്രി

പാലക്കാട്: വനം വകുപ്പ് പിടികൂടിയ പിടി സെവന്‍ എന്ന ധോണി ആനയുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ തറച്ച പാടുകള്‍ ഉണ്ടായിരുന്നതായി വനംവകുപ്പ്. മയക്കുവെടിവച്ച ശേഷം നടത്തിയ പരിശോധനയിലാണ് ആനയുടെ ശരീരത്തില്‍ പെല്ലെറ്റുകള്‍ തറച്ച പാടുകള്‍ കണ്ടെത്തിയത്. ആനയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത് ഗുരുതര തെറ്റെന്നും പിടി സെവന്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണന്നും വനംവുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

വനം വകുപ്പിന്റെ പരിചരണത്തില്‍ കഴിയുന്ന ധോണിയുടെ വിദഗ്ധര്‍ എത്തി പരിശോധിക്കുന്നതിനിടെയാണ് ശരീരത്തില്‍ വെടിയേറ്റ പാടുകള്‍ കണ്ടെത്തിയത്. റബ്ബര്‍ ബുള്ളറ്റുകളേറ്റ പാടുകള്‍ക്കൊപ്പം എയര്‍ഗണിലില്‍ നിന്നുള്ള പെല്ലറ്റുകളും കണ്ടെത്തിയതായാണ് വിവരം. നിലവില്‍ വനം വകുപ്പിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ധോണി.

എയര്‍ഗണ്‍ ഉപയോഗിച്ച് ആനയെ വെടിവെച്ചത് ഗുരുതര തെറ്റാണെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ പ്രതികരിച്ചു. വന്യജീവികളെ പ്രകോപിപ്പിച്ചാല്‍ പ്രതികാരബുദ്ധിയോടെ അവ പ്രതികരിക്കുമെന്നും ആന പൂര്‍ണാരോഗ്യത്തോടെ തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു.

Top