പാലക്കാട്: മൂന്നാറില്‍ പെമ്പിളൈ ഒരുമൈ രൂപീകരിക്കാനുണ്ടായ സാഹചര്യങ്ങളില്‍ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് സിഐടിയു.
പ്രാദേശിക നേതൃത്വത്തിന് തൊഴിലാളികളുടെ പ്രശ്‌നം മുഖവിലക്കെടുക്കുന്നതില്‍ വീഴ്ച സംഭവിച്ചു. പാലക്കാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സംഘടനാ റിപ്പോര്‍ട്ടിലാണ് സിഐടിയു നിലപാട് വ്യക്തമാക്കിയത്.
പെമ്പിളൈ ഒരുമൈ പോലുളള പ്രസ്ഥാനങ്ങള്‍ക്ക് ഇത് അവസരമായി മാറിയെന്നും പിന്നീട് ഇവര്‍ ദുര്‍ബലമായെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത ഇരുപതോളം ഘടക സംഘടനകള്‍ നിര്‍ജീവ അവസ്ഥയിലാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കണ്ണന്‍ദേവന്‍ കമ്പനിയിലെ തൊഴില്‍പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് മൂന്നാറില്‍ ആയിരത്തിലേറെ സ്ത്രീകള്‍ സമരത്തിനിറങ്ങിയത്. സ്ത്രീകളുടെ ഈ പോരാട്ടത്തില്‍ നിന്നും ട്രേഡ് യൂണിയനുകളെ ഒഴിവാക്കിയിരുന്നു.
തോട്ടം തൊഴിലാളികളുടെ സമരത്തെ പല ജില്ലകളിലും ട്രേഡ് യൂണിയനുകള്‍ ഏറ്റെടുത്തപ്പോഴും മൂന്നാറിലെ തൊഴിലാളികള്‍ പെമ്പിളൈ ഒരുമൈ എന്ന പേരില്‍ സംഘടന രൂപീകരിക്കുകയും പ്രാദേശിക തെരഞ്ഞെടുപ്പില്‍ സാന്നിധ്യം അറിയിക്കുകയും ചെയ്തിരുന്നു.