ന്യൂഡല്‍ഹി: മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി വിമര്‍ശനം. പിഴപ്പലിശ ഇളവ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഒരു മാസം സമയം അനുവദിക്കാനാവില്ലെന്ന് കോടതി അറിയിച്ചു.
സാധാരണക്കാരുടെ ദീപാവലി ഇപ്പോള്‍ സര്‍ക്കാരിന്റെ കൈയിലാണ്. തീരുമാനമെടുക്കാന്‍ ഇത്രയധികം സമയമെടുക്കുന്നതെന്താണെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റീസ് എം.ആര്‍ ഷാ ചോദിച്ചു.
രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഇളവ് നടപ്പാക്കാന്‍ നവംബര്‍ രണ്ടിന് കോടതി പുതിയ സമയപരിധി നിശ്ചയിച്ചു. തീരുമാനം നടപ്പാക്കാന്‍ ഒരു മാസം സമയമാണ് കേന്ദ്രം ചോദിച്ചത്. എന്നാല്‍ ഒരു മാസം സമയം നല്‍കാനാവില്ലെന്നും നവംബര്‍ രണ്ടിനുള്ളില്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സാധാരണക്കാരന്റെ അവസ്ഥ സര്‍ക്കാര്‍ കാണണമെന്നും തീരുമാനം നടപ്പാക്കാന്‍ വൈകുന്നത് സാധാരണക്കാരന്റെ താല്‍പര്യത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.