തിരുവനന്തപുരം: പെന്‍ഷന്‍ നല്‍കാന്‍ കൂടുതല്‍ ധനസഹായം നല്‍കണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി. പദ്ധതി വിഹിതത്തിനു പുറമെ അധിക തുക അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല എന്നു കാണിച്ച് ഗതാഗത സെക്രട്ടറിയാണ് കെഎസ്ആര്‍ടിസി എം.ഡിക്ക് കത്ത് നല്‍കിയത്.
പെന്‍ഷന്‍ നല്‍കാന്‍ അടിയന്തരമായി കോര്‍പസ് ഫണ്ട് രൂപീകരിക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രവര്‍ത്തന മൂലധനത്തിനായി എല്ലായ്‌പ്പോഴും സര്‍ക്കാറിനെ ആശ്രയിക്കുന്ന പ്രവണത അംഗീകരിക്കാനാകില്ല എന്നാണ് ഗതാഗത സെക്രട്ടറി കെ.എസ്.ആര്‍.ടി.സി എം.ഡിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നത്.
പെന്‍ഷന്‍ നല്‍കാന്‍ നോണ്‍പ്ലാന്‍ ഗ്രാന്റ് ഇനത്തില്‍ അധിക തുക അനുവദിക്കണമെന്ന കെ.എസ്.ആര്‍ടിസിയുടെ ശുപാര്‍ശ അംഗീകരിക്കാനാകില്ലെന്നും ഇക്കഴിഞ്ഞ പതിനൊന്നാം തിയതി ഗതാഗത സെക്രട്ടറി അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാറും കോര്‍പ്പറേഷനും ചേര്‍ന്ന് കോര്‍പസ് ഫണ്ടുണ്ടാക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇത് അടിയന്തരമായി നടപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.പ്രവര്‍ത്തന മൂല ധനത്തിനായി കെടിഡിഎഫ്‌സിയില്‍ നിന്ന് വീണ്ടും വായ്പയെടുത്ത കെഎസ്ആര്‍ടിസിയുടെ നടപടിയും വിമര്‍ശന വിധേയമായിട്ടുണ്ട്.
കെഎസ്.ആര്‍.ടി സിയുടെ നഷട്ത്തിനു മുഖ്യകാരണം അനിയന്ത്രിതമായി സൗജന്യ പാസ് അനുവദിക്കുന്നതാണെന്നും ഗതാഗത സെക്രട്ടറിയുടെ കത്തില്‍ പറയുന്നു .ഇത് നിയന്ത്രിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും നടപ്പാക്കിയില്ലെന്ന കുറ്റപ്പെടുത്തലും കത്തിലുണ്ട്.
അതേസമയം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി. കോര്‍പറേഷന്റെ വിഹിതമായ 20 കോടി ട്രഷറിയില്‍ അടച്ചെങ്കിലും ഇതേ തുകയ്ക്കുള്ള സര്‍ക്കാര്‍ വിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം.