പ്രവാസി വായ്പാ പദ്ധതിക്കു പിന്നാലെ പെന്‍ഷന്‍ പദ്ധതിയോടും ബാങ്കുകളുടെ അവഗണന

sbi

കൊച്ചി: പ്രവാസി വായ്പാ പദ്ധതി അട്ടിമറിച്ചതിന് പിന്നാലെ പ്രവാസികളുടെ പെന്‍ഷന്‍ പദ്ധതിയോടും ബാങ്കുകളുടെ അവഗണന. പ്രവാസി ക്ഷേമ നിധിയിലേക്കുള്ള അംശാദായം സ്വീകരിക്കുന്ന കാര്യത്തില്‍ എസ്ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് പ്രവാസികളെ വലയ്ക്കുന്നത്.

വിദേശത്ത് ജോലി ചെയ്യുന്നവര്‍ 300 രൂപയും പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തിയവര്‍ 100 രൂപയുമാണ് പ്രവാസി ക്ഷേമനിധിയിലേക്ക് അംശാദായമായി അടയ്‌ക്കേണ്ടത്. എന്നാല്‍ അംശാദായം സ്വീകരിക്കുന്ന കാര്യത്തില്‍ പ്രവാസി നിക്ഷേപത്തിന്റെ 56 ശതമാനവും കൈവശമുള്ള എസ്ബിഐ തന്നെ ഗുരുതരമായ വീഴ്ച വരുത്തുന്നതായാണ് ആരോപണം.

ക്ഷേമനിധി അക്കൌണ്ടിലേക്ക് 25000 രൂപ എത്തിയാല്‍ ആ ദിവസം പിന്നീട് അടയ്ക്കാനെത്തുന്നവരുടെ അംശാദായം സ്വീകരിക്കാതെ മടക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചതായി പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡും സ്ഥിരീകരിക്കുന്നു. ഒരു ദിവസം 25000 രൂപ മാത്രമേ ക്ഷേമനിധിയിലേക്ക് സ്വീകരിക്കുവെന്ന വ്യവസ്ഥ പ്രവാസികള്‍ക്ക് തിരിച്ചടിയാണെന്നാണ് വെല്‍ഫെയര്‍ ബോര്‍ഡ് ചൂണ്ടി കാണിക്കുന്നത്.

സാങ്കേതിക കാരണങ്ങളാണ് ബാങ്ക് ഇതിനായി നിരത്തുന്നത്. എന്നാല്‍ വളരെ വേഗത്തില്‍ പരിഹരിക്കാവുന്ന വിഷയമാണിതെന്നാണ് ബാങ്കിങ് രംഗത്തുള്ളവര്‍ ചൂണ്ടികാണിക്കുന്നത്.

Top