കൊല്ലാന്‍ നോക്കിയതാണ്; അക്രമം പാളിയതോടെ ഇറാന്‍ നിലപാട് മാറ്റിയെന്ന് പെന്റഗണ്‍

റാഖി സൈനിക ബേസുകളില്‍ യുഎസ് സൈനികരുടെ ജീവന്‍ എടുക്കാന്‍ തന്നെയാണ് ഇറാന്‍ ശ്രമിച്ചതെന്ന് പെന്റഗണ്‍. മനുഷ്യര്‍ കൊല്ലപ്പെടാതിരിക്കാനായി മനഃപ്പൂര്‍വ്വം ശ്രമിച്ചെന്ന ഇറാന്റെ അവകാശവാദങ്ങളാണ് ഇതോടെ അസ്ഥാനത്തായത്. അല്‍ അസദ്, എര്‍ബില്‍ ബേസുകളില്‍ 16 മിസൈലുകള്‍ പതിച്ചെങ്കിലും അമേരിക്കന്‍, ഇറാഖി, മറ്റ് സഖ്യരാജ്യങ്ങളുടെ സൈനികര്‍ എന്നിവരാരും കൊല്ലപ്പെട്ടിരുന്നില്ല.

ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കയുടെ നടപടിക്ക് പകരം വീട്ടുമെന്ന് പ്രഖ്യാപിച്ച ഇറാന്‍ തങ്ങളുടെ മിസൈല്‍ അക്രമണം സംബന്ധിച്ച് മൂന്ന് മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കഗിയെന്നാണ് അവകാശവാദം. ഒരു യൂറോപ്യന്‍ എംബസി വഴിയായിരുന്നു മുന്നറിയിപ്പെന്നും പറയപ്പെടുന്നു. എന്നാല്‍ ഇത്തരം വാദങ്ങള്‍ വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലി പ്രതികരിച്ചു.

‘ഞാന്‍ കണ്ടതും, എനിക്ക് അറിയാവുന്നതുമായ വസ്തുതകള്‍ പ്രകാരം കെട്ടിടങ്ങള്‍ക്കും, വാഹനങ്ങള്‍ക്കും, ഉപകരണങ്ങളും, വിമാനങ്ങള്‍ക്കും കേടുപാട് വരുത്തുന്നതിന് പുറമെ വ്യക്തികളെ വകവരുത്താനുമാണ് അവര്‍ ശ്രമിച്ചത്’, ജനറല്‍ മില്ലി വ്യക്തമാക്കി. മിസൈല്‍ വരുന്നതായി അമേരിക്കന്‍ മിലിറ്ററി സിസ്റ്റങ്ങള്‍ നല്‍കിയ സൂചനകളും, ഇതനുസരിച്ച് സൈനികര്‍ സുരക്ഷാ നടപടികള്‍ കൈക്കൊണ്ടതുമാണ് ജീവന്‍ രക്ഷിച്ചത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ മനഃപ്പൂര്‍വ്വം ആള്‍നാശം ഒഴിവാക്കി തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ശ്രമിച്ചതാണെന്ന വാദങ്ങളാണ് ഇതോടെ പൊളിയുന്നത്. നേരത്തെ ഇറാനില്‍ നിന്നും മിസൈല്‍ അക്രമണത്തെക്കുറിച്ച് ലഭിച്ച വിവരങ്ങള്‍ അമേരിക്കന്‍ സേനകള്‍ക്ക് കൈമാറിയെന്ന് ഇറാഖി പ്രധാനമന്ത്രി അബെല്‍ അബ്ദുള്‍ മാഹ്ദി അവകാശപ്പെട്ടിരുന്നു.

Top