കോഴിക്കോട്: എഴുപത്തഞ്ചു കഴിഞ്ഞവര്‍ക്കെല്ലാം 1500 രൂപ വാര്‍ധക്യകാല പെന്‍ഷന്‍ ബജറ്റിലെ വെറും പ്രഖ്യാപനമല്ല, അടുത്ത മാസം ഒന്നു മുതല്‍ യാഥാര്‍ഥ്യമാകുകയാണ്.
ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റില്‍ 75 കഴിഞ്ഞവര്‍ക്കെല്ലാം 1500 രൂപ പെന്‍ഷന്‍ അനുവദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. വാര്‍ധക്യകാല പെന്‍ഷന്‍ വര്‍ധിപ്പിച്ചാണ് ഇതു നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്.
സാമൂഹികനീതി വകുപ്പ് അതിനുള്ള കാര്യങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി ഏപ്രില്‍ ഒന്നു മുതല്‍ തന്നെ പദ്ധതി നടപ്പാക്കാന്‍! തീരുമാനിച്ച് ഉത്തരവും പുറപ്പെടുവിച്ചു. ഈ മാസം ഒന്ന് തീയതി രേഖപ്പെടുത്തി കഴിഞ്ഞ ദിവസമാണു സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.
കൂടുതല്‍ സ്ത്രീകളെ തൊഴില്‍രംഗത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ (അംഗനശ്രീ) ഓട്ടോറിക്ഷാ വിതരണപദ്ധതിക്കും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകഴിഞ്ഞു. കുടുംബശ്രീ വനിതകള്‍ ഇനി നിരത്തുകളില്‍ ഓട്ടോറിക്ഷ, അല്ലെങ്കില്‍ പിക്കപ് ഓട്ടോറിക്ഷ ഓടിക്കും. വനിതാ ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാകും തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇതു നടപ്പാക്കുക.
ഓരോ തദ്ദേശഭരണ സ്ഥാപനത്തിലും 10 സ്ത്രീകള്‍ക്കെങ്കിലും ഓട്ടോറിക്ഷ ലഭ്യമാകത്തക്ക തരത്തിലാണു പദ്ധതി നടപ്പാക്കുന്നത്. ഓട്ടോറിക്ഷ വാങ്ങാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 40,000 രൂപയും പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കും.
കൂടാതെ കുടുംബശ്രീ മിഷന്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തി 10 ശതമാനത്തില്‍ താഴെ പലിശനിരക്കില്‍ വാഹനം വാങ്ങാന്‍ വേണ്ട ബാക്കി പണം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യും. ഈ വായ്പ ലഭ്യമാക്കുന്നതിനു സേവനനികുതി ബാങ്കുകള്‍ ഒഴിവാക്കും.