ജനങ്ങള്‍ ഭീതിയില്‍; കോംഗോയില്‍ എബോള പടരുന്നു; 17 പേര്‍ മരിച്ചു

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള രോഗം പടരുന്നു. വടക്ക്പടിഞ്ഞാറന്‍ പ്രദേശമായ ബിക്കോറയില്‍ രണ്ട് പേര്‍ മരിച്ചത് എബോളയെ തുടര്‍ന്നാണെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പറത്തുവന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്.

എബോള ബാധ തടയാന്‍ വിദഗ്ധസംഘത്തെ മേഖലയില്‍ നിയോഗിച്ചതായി കോംഗോ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് ആഴ്ചകള്‍ക്കിടയില്‍ 21 കേസുകളാണ് ഇത്തരത്തില്‍ സംശയാസ്പദമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ പതിനേഴുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

1976ലാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ യംബുക്കുഗ്രാമത്തില്‍ എബോള നദിയുടെ തീരത്തെ ചിലരിലാണ് ലോകത്താദ്യമായി എബോള രോഗം തിരിച്ചറിയുന്നത്. അങ്ങനെയാണ് രോഗത്തിന് എബോള എന്ന പേരുണ്ടാകുന്നത്.
ലോകവ്യാപകമായി ഭീതിപടര്‍ത്തി രോഗം പകരുന്നത് 2014 ലാണ്. ഇത് ഒമ്പതാം തവണയാണ് കോംഗോയില്‍ എബോള ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃഗങ്ങളില്‍ നിന്നാണ് ഈ വൈറസ് രോഗം മനുഷ്യരിലേക്ക് പടരുന്നത്.

Top