കോവിഡ് കണ്ടയ്ന്‍മെന്റ് സോണിലുള്ളവര്‍ക്ക് യാത്രാവിലക്ക്: സത്യവാങ്മൂലം നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ കോവിഡ്
കണ്ടയ്ന്‍മെന്റ് സോണുകളിലല്ല താമസിക്കുന്നതെന്ന സത്യവാങ്മൂലം നല്‍കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം.
ഇതുപ്രകാരം സത്യവാങ്മൂലം നല്‍കുന്നവര്‍ക്ക് മാത്രമേ ഇനി ബോര്‍ഡിങ് പാസ് നല്‍കുകയുള്ളൂവെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

പനി, ചുമ, ശ്വാസതടസ്സം എന്നിവ അനുഭപ്പെടുന്നില്ല, ക്വാറന്റീനില്‍ ആയിരുന്നില്ല, കഴിഞ്ഞ രണ്ടു മാസത്തിന് ഇടയില്‍ കോവിഡ് പോസറ്റീവ് ആയിട്ടില്ല എന്നാണ് യാത്രക്കാര്‍ സത്യവാങ്മൂലം നല്‍കേണ്ടത്. ഏതു സംസ്ഥാനത്തേക്കാണോ പോകുന്നത് ആ സംസ്ഥാനത്തെ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചോളാമെന്നും സത്യവാങ്മൂലത്തില്‍ നല്‍കണം.

അതേസമയം, തെറ്റായ വിവരങ്ങള്‍ നല്‍കി വിമാനയാത്ര നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ യാത്ര ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാര്‍ക്ക് ബോര്‍ഡിങ് ഗേറ്റിന് സമീപത്തുവെച്ച് വിമാനകമ്പനികള്‍ സുരക്ഷാ കിറ്റുകള്‍ നല്‍കും. ബോര്‍ഡിങ് ഗേറ്റിലേക്ക് പോകുന്നതിന് മുമ്പ് യാത്രക്കാര്‍ മുഖാവരണം, ഗ്ലൗസ് എന്നിവ ധരിക്കണം. കൈ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം. വിമാനത്തിന് ഉള്ളില്‍ ഭക്ഷണം വില്‍ക്കില്ല. എന്നാല്‍ കുടിവെള്ളം ലഭ്യമാക്കും. ഓരോ സെക്ടറിലേക്കും ഉള്ള കുറഞ്ഞതും കൂടിയതും ആയ ടിക്കറ്റ് നിരക്കുകള്‍ വ്യോമയാന മന്ത്രാലയം നിശ്ചയിക്കുമെന്നും അതില്ക്കവിഞ്ഞ നിരക്ക് വിമാനക്കമ്പനികള്‍ ഈടാക്കാന്‍ പാടില്ലെന്നും വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

യാത്രക്കാരുടെ മൊബൈലില് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നതുള്‍പ്പടെയുളള മാര്‍ഗ നിര്‍ദേശങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിരുന്നു.

Top