കണ്ണൂര്‍ : മദ്യം വാങ്ങുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ടോക്കണ്‍ എടുക്കുന്നത് പുതുച്ചേരി സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതോടെ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ക്ക് ഇനി മാഹിയില്‍ മദ്യം ലഭിക്കില്ല.
മദ്യം വാങ്ങാന്‍ ആധാര്‍ നമ്പര്‍ നല്‍കി വേണം പോര്‍ട്ടലില്‍നിന്നു ടോക്കണ്‍ എടുക്കേണ്ടത്. അതിനാല്‍ പുതുച്ചേരി സ്വദേശികള്‍ക്കു മാത്രമേ ഇതു ലഭിക്കൂ. പുതുച്ചേരിയിലെ നാല് ജില്ലകള്‍ക്കും ഇതു ബാധകമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായാണ് നടപടി.
മാഹിയില്‍ നിന്നു മദ്യം വാങ്ങുന്നവരില്‍ വലിയ ശതമാനം കേരളത്തില്‍ നിന്നുള്ളവരാണ്. ദിവസവും 50 ലക്ഷത്തിലേറെ രൂപയുടെ മദ്യവില്‍പനയാണ് മാഹിയില്‍ നടന്നിരുന്നത്. മദ്യവില വര്‍ധിപ്പിച്ച് ഈയാഴ്ച അവസാനത്തോടെ പുതുച്ചേരിയില്‍ മദ്യക്കടകള്‍ വീണ്ടും തുറക്കുമെന്നാണ് സൂചന.