പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഉറങ്ങുന്നവര്‍ കര്‍ഷകരെ കുറ്റപ്പെടുത്തുന്നെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കര്‍ഷകര്‍ വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ തടയണമെന്നു സുപ്രീം കോടതി. ഡല്‍ഹിയിലെയും മറ്റു സംസ്ഥാനങ്ങളിലെയും വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണു വിഷയത്തില്‍ നിലപാടെടുക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചത്. കര്‍ഷകരെ ശിക്ഷിക്കണമെന്ന അഭിപ്രായമില്ലെന്നും കോടതി വ്യക്തമാക്കി.

കര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നു ഞങ്ങള്‍ക്ക് ആഗ്രഹമില്ല. ഒരാഴ്ചത്തേക്കെങ്കിലും കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കരുതെന്ന് കര്‍ഷകരോട് അഭ്യര്‍ഥിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്- ചീഫ് ജസ്റ്റിസ് എന്‍.വി.രമണ പറഞ്ഞു. ടിവിയിലെ ചര്‍ച്ചകളാണു മറ്റെന്തിനേക്കാളും മലിനീകരണം ഉണ്ടാക്കുന്നത്. എല്ലാവര്‍ക്കും അവരുടേതായ അജന്‍ഡകളുണ്ട്. വിഷയത്തിന് ഒരു പരിഹാരം കാണാനാണു ശ്രമിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

കത്തിക്കുന്നതിനു പകരം മറ്റെന്തെങ്കിലും വഴി കണ്ടെത്താന്‍ കര്‍ഷകരെ സഹായിക്കണമെന്ന നിലപാട് ജസ്റ്റിസ് സൂര്യകാന്ത് ആവര്‍ത്തിച്ചു. കര്‍ഷകരുടെ അവസ്ഥകൂടി പരിഗണിക്കണം. ആരും അതിലേക്കു നോക്കുന്നില്ല. വൈക്കോല്‍ കത്തിക്കുന്നതിനു കര്‍ഷകരെ പ്രേരിപ്പിക്കുന്നതെന്താണെന്നു പരിശോധിക്കണം. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഉറങ്ങുന്നവരാണു കര്‍ഷകരെ കുറ്റപ്പെടുത്തുന്നത്. ചെറുകിട കര്‍ഷകര്‍ക്ക് ഈ പറയുന്ന യന്ത്രങ്ങളുടെ ചെലവ് താങ്ങാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.

വൈക്കോല്‍ കത്തിക്കുന്നതിലൂടെ മലിനീകരണത്തിന്റെ 4-7 ശതമാനം മാത്രമാണ് ഉണ്ടാകുന്നതെന്ന് കോടതിയെ താന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായാണു വാര്‍ത്തകളെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ കണക്കുകള്‍ കോടതിക്കു പ്രധാനമല്ലെന്നും മലിനീകരണം കുറയ്ക്കുന്നതിനാണു പരിഗണനയെന്നും ചീഫ് ജസ്റ്റിസ് രമണ മറുപടി നല്‍കി.

വൈക്കോല്‍ കത്തിക്കുന്നതിനും മലിനീകരണത്തിന് ഒരു കാരണമാണെന്നും അതു പൂജ്യം മുതല്‍ 58 ശതമാനം വരെ ആകാമെന്നും ഡല്‍ഹി സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി പറഞ്ഞു. മറ്റു വിഷയങ്ങളിലേക്കു ശ്രദ്ധ പോയാല്‍ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ സാധിക്കില്ലെന്നു സുപ്രീം കോടതി മറുപടി നല്‍കി.

Top