ആമീര്‍ഖാനെ പോലുള്ളവരാണ് രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് കാരണം; വിവാദ പരാമര്‍ശവുമായി ബിജെപി എംപി

ഡല്‍ഹി: ഇന്ത്യയിലെ ജനസംഖ്യാ വര്‍ദ്ധനവിന് കാരണം ആമീര്‍ഖാനെ പോലുള്ളവരാണെന്ന് മധ്യപ്രദേശിലെ ബി ജെ പി എം പി സുധീര്‍ ഗുപ്ത. സ്വന്തം കുട്ടികളെ അയാള്‍ അനാഥരാക്കി മൂന്നാമത് വിവാഹത്തിന് ഇപ്പോള്‍ ആമീര്‍ ഖാന്‍ തയ്യാറെടുക്കുകയാണെന്നും സുധീര്‍ ഗുപ്ത എംപി ആരോപിച്ചു.

രാജ്യത്തെ ഭൂമി ഒരിഞ്ച് പോലും വര്‍ധിക്കുന്നില്ല. പക്ഷേ ജനസംഖ്യ വളര്‍ന്ന് 140 കോടിയാകുന്നു. ഇത് നല്ല വാര്‍ത്തയല്ലെന്നും എംപി പറഞ്ഞു. വിഭജനകാലത്ത് പാകിസ്ഥാന് അവരുടെ ജനസംഖ്യയുടെ അനുപാതത്തേക്കാള്‍ വലിയ ഭാഗം ഭൂമി ലഭിച്ചു. അവിടെനിന്ന് പിന്നെയും ആളുകള്‍ ഇന്ത്യയിലേക്ക് വന്നു. ഇന്ത്യയുടെ സൂപ്പര്‍ താരം ആമിര്‍ ഖാന്‍ ആദ്യഭാര്യ റീനയെയും അവരുടെ മക്കളെയും ഇപ്പോള്‍ രണ്ടാം ഭാര്യ കിരണിനെയും അവരുടെ മകനെയും ഉപേക്ഷിച്ച് മൂന്നാം വിവാഹത്തിന് ശ്രമിക്കുന്നു. ആമിര്‍ ഖാനെപ്പോലുള്ളവരാണ് ജനസംഖ്യാ സന്തുലനം തെറ്റിക്കുന്നതെന്നും എംപി ആരോപിച്ചു. രാജ്യത്തിന്റെ പുരോഗതിക്ക് ജനസംഖ്യ നിയന്ത്രണം ആവശ്യമാണെന്നും എംപി പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ പശ്ചാത്തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് മദ്ധ്യപ്രദേശിലെ മന്‍ദ്‌സൗറില്‍ നിന്നുള്ള ലോക്‌സഭാ എം പി സുധീര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Top