രാജ്യത്തിൻ്റെ ഐക്യം തകർക്കാൻ ആർക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുക്കൾ മുന്നറിയിപ്പ് നൽകിയ അപകടങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. രാജ്യം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. ജനങ്ങൾ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ കച്ചിലെ ഗുരുദ്വാര ലഖ്പത് സാഹിബിൽ ഗുരുനാനാക്ക് ദേവ് ജിയുടെ ഗുരുപുരാബ് ആഘോഷങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചാബിലെ ലുധിയാന ജില്ലാ കോടതി സമുച്ചയത്തിൽ സ്‌ഫോടനം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് സിഖ് സമൂഹത്തോടുള്ള മോദിയുടെ അഭ്യർത്ഥന.
‘ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ സ്വപ്‌നങ്ങളെയും രാജ്യത്തിന്റെ ഐക്യത്തെയും ആരും വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഗുരുക്കൻമാർ ജീവൻ ബലിയർപ്പിച്ച് നൽകിയ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം. നമ്മുടെ ഐക്യം അനിവാര്യമാണ്.’ അദ്ദേഹം പറഞ്ഞു.
ഗുരുക്കൾ മുന്നറിയിപ്പ് നൽകിയ അപകടങ്ങൾ ഇന്നും അതേപടി നിലനിൽക്കുന്നു. അതിനാൽ നാം ജാഗ്രത പാലിക്കുകയും രാജ്യം സുരക്ഷിതമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ഗുരുനാനാക്ക് ദേവ് ജിയുടെ അനുഗ്രഹത്താൽ നാം തീർച്ചയായും നമ്മുടെ പ്രതിബദ്ധത നിറവേറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്. രാജ്യം പുതിയ ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.