തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതികള്‍ ജനങ്ങള്‍ക്ക് ആവശ്യമാണെന്ന് ബിജെപി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. സില്‍വര്‍ലൈനിനെ നമ്മള്‍ പിന്തുണയ്ക്കണമെന്ന് പറഞ്ഞ രാജഗോപാല്‍ ഏത് പാര്‍ട്ടിയാണ് ചെയ്യുന്നത്, ആര്‍ക്കാണ് ക്രെഡിറ്റ് പോകുന്നത് എന്നതല്ല, ജനങ്ങള്‍ക്ക് എന്ത് ഗുണം അതാണ് നോക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി.
ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച കേരളീയത്തെയും ഒ. രാജഗോപാല്‍ പ്രശംസിച്ചു. കേരളീയം നല്ല പരിപാടിയാണെന്നും സത്യം എന്താണെന്ന് അറിയാന്‍ വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന നല്ല കാര്യങ്ങള്‍ അറിയിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ജനങ്ങള്‍ക്ക് നല്ലതാണോ എന്നതാണ് അളവുകോലെന്നും അതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് സാമ്പത്തികമായി ഞെരുക്കം ഉണ്ടെന്നത് ശരിയാണെന്ന് പറഞ്ഞ രാജഗോപാല്‍ സര്‍ക്കാരിന്റെ നയപരിപാടികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ചെയ്യുന്നതിനെ എങ്ങനെ കുറ്റം പറയാന്‍ കഴിയുമെന്ന് ചോദിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയുന്ന സ്ഥിതി ഇപ്പോള്‍ ഉണ്ടോ എന്നത് സംശയമാണെന്നും നല്ലതുപോലെ പണിയെടുത്ത്, നല്ല സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ വിജയസാധ്യത ഉണ്ടാകുമെന്നും ഒ. രാജഗോപാല്‍ വ്യക്തമാക്കി.