ഹൈദരാബാദ്: ജനുവരി മുതല്‍ തെലങ്കാനയിലെ ജനങ്ങള്‍ 200 യൂനിറ്റില്‍ താഴെയുള്ള വൈദ്യുതി ഉപഭോഗത്തിന് പണം നല്‍കരുതെന്ന് ബി.ആര്‍.എസ് നേതാവ് കെ.കവിത. സൗജന്യ വൈദ്യുതി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നെന്നും കവിത വ്യക്തമാക്കി. നിസാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കവിത.
200 യൂനിറ്റ് വരെയുള്ള സൗജന്യ വൈദ്യുതി പദ്ധതിക്ക് അപേക്ഷിക്കുന്നത് അനാവശ്യ കാലതാമസം ഉണ്ടാകുന്നതിനാല്‍ ജനുവരി മുതലുള്ള ബില്ലുകള്‍ അടക്കേണ്ടതില്ലെന്ന് കവിത പറഞ്ഞു. ക്ഷേമപദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ജനങ്ങള്‍ വീണ്ടും അപേക്ഷിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞതിനാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ നല്‍കിയ മറ്റ് വാഗ്ദാനങ്ങള്‍ പാലിക്കുമോ എന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും കവിത വ്യക്തമാക്കി.
ബി.ആര്‍.എസ് ഭരണത്തില്‍ 44 ലക്ഷം ഗുണഭോക്താക്കള്‍ പ്രതിമാസം 2000 രൂപ വീതം പെന്‍ഷന്‍ വാങ്ങുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതുപോലെ വര്‍ധിപ്പിച്ച 4000 രൂപ പെന്‍ഷന്‍ പുതിയ സര്‍ക്കാര്‍ നല്‍കണമെന്നും കവിത പറഞ്ഞു. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഋതുബന്ധു തുക വരാന്‍ വൈകുന്നതിനെയും കവിത ചോദ്യം ചെയ്തു.