‘ചാലക്കുടി പുഴക്കരയിലുള്ളവരെ എത്രയും വേഗം ഒഴിപ്പിക്കണം’ : ജില്ലാ കലക്ടര്‍

തൃശ്ശൂർ: ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുമെന്നും പുഴക്കരയിലുള്ളവരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ജില്ലാ കളക്ടർ ഉത്തരവിട്ടു. തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തൂണക്കടവ് ഡാമുകളില്‍ നിന്ന് ഇന്ന് രാവിലെ മുതല്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ജലം ഒഴുകിവരികയാണ്. നിലവില്‍ 13000 ക്യുമെക്‌സ് വെള്ളമാണ് പറമ്പിക്കുളത്തു നിന്നും ഡാമിലേക്ക് എത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുക കൂടി ചെയ്തതോടെ പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്ന് കൂടുതല്‍ ജലം തുറന്നുവിടേണ്ട സാഹചര്യമാണ്.

ഡാം കൂടുതല്‍ തുറക്കുന്നതോടെ ചാലക്കുടി പുഴയില്‍ ഒന്നര മീറ്ററോളം വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. അതോടൊപ്പം വേലിയേറ്റ സമയം ആവുന്ന പക്ഷം കടലിലേക്ക് വെള്ളം ഒഴുകിപ്പോവാതിരിക്കാനും സാധ്യതയുണ്ട്. ആയതിനാല്‍ പുഴക്കരയില്‍ താമസിക്കുന്നവരെ എത്രയും വേഗം വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പുഴയിലെ ജലം ഏത് സമയത്തും അപകടകരമായ സ്ഥിതിയിലേക്ക് ഉയരാമെന്ന സാഹചര്യമായതിനാല്‍ പുഴയുടെ ഇരു വശങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ച് എത്രയും വേഗം മാറിത്താമസിക്കണം. വെള്ളം ഉയര്‍ന്ന് ഒഴിപ്പിക്കല്‍ പ്രയാസകരമാവുന്ന സാഹചര്യം സൃഷ്ടിക്കരുത്. എല്ലാവരും മാറിത്താമസിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Top