ബലാത്സംഗ ജനതാ പാർട്ടിയാണ് ബി.ജെ.പി, തുറന്നടിച്ച് കോൺഗ്രസ്സ് നേതാവ് രംഗത്ത്

Kamal Nath

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുകയാണ്. ഉന്നാവോ, കത്വ പീഡനക്കേസുകളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്സാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

ഭാരതീയ ജനതാ പാര്‍ട്ടിയെ (ബി.ജെ.പി) ബലാത്സംഗ ജനതാ പാര്‍ട്ടി എന്നാക്കി മാറ്റണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥ് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബി.ജെ.പിയുടെ ഇരുപതോളം വരുന്ന പ്രമുഖ നേതാക്കള്‍ പീഡനക്കേസില്‍ പ്രതികളാണെന്ന് ഞാന്‍ വായിച്ചറിഞ്ഞിരിക്കുന്നു. ഈ സമയത്ത് ഭാരതീയ ജനതാ പാര്‍ട്ടി എന്ന പാര്‍ട്ടിയുടെ പേര് ബലാത്സംഗ ജനതാ പാര്‍ട്ടി എന്നാക്കി മാറ്റുന്നതാവും ഏറ്റവും ഉചിതം’ കമല്‍ നാഥ് പറഞ്ഞു.

ഉന്നാവോ പീഡനക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് സെന്‍ഗാറിന്റെ അറസ്റ്റ്.

കൂടാതെ കത്വയില്‍ എട്ട് വയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊന്ന കേസിലെ പ്രതികളെ പിന്തുണച്ച് റാലിയില്‍ പങ്കെടുത്ത ബി.ജെ.പി മന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

Top