ഭരണ നിര്‍വഹണത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രകടന നിലവാരം ശരാശരിയിലും താഴെയെന്ന് സര്‍വേ

ന്യൂഡല്‍ഹി : ഭരണ നിര്‍വഹണത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രകടന നിലവാരം ശരാശരിയിലും താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ 534 ലോകസഭ മണ്ഡലങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സ്വതന്ത്ര ഏജന്‍സിയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ആണ് സര്‍വേ നടത്തിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 2.73 ലക്ഷം വോട്ടര്‍മാര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. മെച്ചമായ തൊഴിലവസരം, ആരോഗ്യമേഖല, കുടിവെള്ള സംവിധാനങ്ങള്‍ എന്നിങ്ങനെ 31 ഇന ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സര്‍വേയില്‍, സര്‍ക്കാറിന് വോട്ടര്‍മാര്‍ നല്‍കിയത് അഞ്ചില്‍, മൂന്നില്‍ താഴെ മാര്‍ക്കാണ്.

പ്രതിരോധ വിഷയങ്ങളായ തീവ്രവാദം, പട്ടാള ശാക്തീകരണം എന്നിവയേക്കാള്‍ മാന്യമായ തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കാണ് ജനങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് സര്‍വേ വ്യക്തമാക്കുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 46.80 ശതമാനം പേരും മികച്ച തൊഴിലവസരം ലഭ്യമാക്കേണ്ടതാണ് മുഖ്യ വിഷയമെന്ന് അഭിപ്രായപ്പെട്ടു. 34.60 ശതമാനം പേര്‍ ആരോഗ്യമേഖലക്കും 30.50 ശതമാനം പേര്‍ കുടിവെള്ളത്തിനും പ്രാധാന്യം നല്‍കി. മികച്ച റോഡുകള്‍ (28.34%) മെച്ചപ്പെട്ട പൊതുഗതാഗതം (27.35%) എന്നിവയാണ് പിന്നീടുള്ള വോട്ടര്‍മാരുടെ ആവശ്യങ്ങള്‍.

എ.ഡി.ആര്‍ സര്‍വേ പ്രകാരം രാജ്യത്തെ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രകടനത്തില്‍ അസംതൃപ്ത്തരാണ്. മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ച സ്‌കോര്‍ കേവലം 2.15 ആണ്. 2.35 സ്‌കോര്‍ നേടിയ ആരോഗ്യ മേഖലയിലും കേന്ദ്ര സര്‍ക്കാരിന്റേത് മോശം പ്രകടനമാണെന്ന് സര്‍വേ പറയുന്നു.

നിയമ വിരുദ്ധ കയ്യേറ്റം തടയല്‍, തീവ്രവാദം തടയല്‍, തൊഴില്‍ പരിശീലനം, പ്രതിരോധം ശക്തിപ്പെടുത്തല്‍, അഴിമതി തടയല്‍ എന്നിവയില്‍ സര്‍ക്കാര്‍ പരാജയമെന്നും സര്‍വേ പറയുന്നു.

കാര്‍ഷിക സംബന്ധമായ വിഷയങ്ങളാണ് ഇന്ത്യയിലെ ജനങ്ങളുടെ മറ്റ് പ്രശ്‌നങ്ങള്‍. കാര്‍ഷിക ആവശ്യത്തിനായുള്ള ജലം (26.40%) ആറാം സ്ഥാനത്തും കാര്‍ഷിക ലോണ്‍ (25.62%) കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായ വില (25.41%) എന്നിവയാണ് യാഥാക്രമം ഏഴും എട്ടും സ്ഥാനങ്ങളിലുള്ളത്. ഈ മേഖലയില്‍ കേവലം 2.06 മുതല്‍ 2.23 വരെ സ്‌കോറാണ് സര്‍ക്കാര്‍ നേടിയത്. ദാദ്ര & നാഗര്‍ ഹാവേലി, ദമന്‍ & ദിയു, പുതുച്ചേരി എന്നിവ ഒഴികെയുള്ള സ്ഥലങ്ങളിലാണ് എ.ഡി.ആര്‍ സര്‍വേ നടത്തിയത്.

Top