സ്‌നാപ്ചാറ്റിനെ കടത്തിവെട്ടി ഇന്‍സ്റ്റഗ്രാം; ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

instagram

ന്‍സ്റ്റഗ്രാം സ്റ്റോറീസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ദിവസേന 40 കോടി ഉപയോക്താക്കളാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറീസ് ഉപയോഗിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഇത് 25 കോടിയായിരുന്നു. ഇതോടെ ഇന്‍സ്റ്റഗ്രാം സ്റ്റോറീസ് ഉപയോക്താക്കളുടെ എണ്ണം വിപണിയിലെ പ്രധാന എതിരാളികളിലൊരാളായ സ്‌നാപ്ചാറ്റിനേക്കാള്‍ ഇരട്ടിയായി.

സ്‌നാപ്ചാറ്റിന്റെ മാതൃകയില്‍ 2016 ലാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറീസ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ചിത്രങ്ങളും വീഡിയോകളും 24 മണിക്കൂര്‍ നേരത്തേക്ക് പങ്കുവെക്കാന്‍ അനുവദിക്കുന്നതോടൊപ്പം സ്‌നാപ്ചാറ്റ് മാതൃകയിലുള്ള ഫില്‍റ്ററുകളും മറ്റും ഇന്‍സ്റ്റഗ്രാം സ്റ്റോറീസില്‍ ഉള്‍പ്പെടുത്തി. ജിഫ്, സുഹൃത്തുക്കളെ മെന്‍ഷന്‍ ചെയ്യാനുള്ള ഫീച്ചര്‍ എന്നിവയും സ്റ്റോറീസില്‍ ഉള്‍പ്പെടുത്തി. പിന്നീട് സ്‌നാപ്ചാറ്റും ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി. നിലവില്‍ പ്രതിമാസം നൂറ് കോടി ഉപയോക്താക്കള്‍ ഇന്‍സ്റ്റഗ്രാമിനുണ്ട്.

ഐജിടിവി, ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ഒപ്പം മ്യൂസിക് കൂട്ടിച്ചേര്‍ക്കാനുള്ള ഫീച്ചര്‍ തുടങ്ങിയവ അടുത്തിടെ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. ഐജിടിവിയിലൂടെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ വരെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാം.

Top