തൃശൂർ കോർപറേഷനിലെ പുല്ലഴിയിൽ ഇന്ന് ജനവിധി

തൃശൂർ : തൃശൂർ കോർപറേഷനിലെ 47-ാം ഡിവിഷനായ പുല്ലഴിയിലെ വോട്ടർമാർ ഇന്ന് പോളിങ് ബൂത്തിലേക്ക്‌. എൽഡിഎഫ് സ്ഥാനാർഥി എം.കെ മുകുന്ദന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച തദ്ദേശ പൊതു തിരഞ്ഞെടുപ്പാണിത്. 6 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 4533 വോട്ടർമാരുള്ള ഡിവിഷനിൽ 2101 പേർ പുരുഷ വോട്ടർമാരും 2432 പേർ വനിതാ വോട്ടർമാരുമാണ്.

പുല്ലഴി ലിറ്റിൽ ഫ്ലവർ ഗേൾസ് സ്കൂളിലെ 3 ബൂത്തുകളിലാണ് പോളിങ് നടക്കുക. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടിങ് സമയം. വൈകീട്ട് 5 മുതൽ 6 വരെ കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാം.ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത തൃശൂർ കോർപറേഷനിൽ ഏറെ നിർണായകമാണ് പുല്ലഴി ഡിവിഷനിലെ തിരഞ്ഞെടുപ്പ്.

മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കളെല്ലാം ഒരുപോലെ മത്സരിച്ചാണ് പുല്ലഴിയിൽ പ്രചരണത്തിനിറങ്ങിയത്. കഴിഞ്ഞ തവണ കൈവിട്ട പുല്ലഴി തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. സിറ്റിംഗ് സീറ്റും കോണ്ഗ്രസ് പാരമ്പര്യവും ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇടത് മുന്നണി. ഇടത് വലത് മുന്നണികൾ ഭരിച്ച ഡിവിഷനിൽ ഇത്തവണ ബിജെപിയും പ്രതീക്ഷ വയ്ക്കുന്നു.

Top